മലയാളത്തിന് അനശ്വര ഗാനങ്ങളും കവിതകളും സമ്മാനിച്ച മികച്ച എഴുത്തുകാരനാണ് ശ്രീകുമാരന്‍ തമ്പി: മന്ത്രി വി ശിവന്‍കുട്ടി.
മലയാളത്തിന് അനശ്വര ഗാനങ്ങളും കവിതകളും ലളിത ഗാനങ്ങളും സമ്മാനിച്ച മികച്ച എഴുത്തുകാരനാണ് ശ്രീകുമാരന്‍ തമ്പിയെന്ന് മന്ത്രി വി ശിവന്‍കുട്ടി. ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷനും ചലച്ചിത്ര അക്കാദമിയും സംയുക്തമായി ശ്രീചിത്ര പുവര്‍ ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
84-ാം വയസ്സിലും ഹൃദയസ്പര്‍ശിയായ വരികളിലൂടെ പ്രണയത്തിന്റെയും വിരഹത്തിന്റെയും മനുഷ്യാവസ്ഥയുടെയും രചനകളുമായി അദ്ദേഹം സജീവമാണ്. സിനിമയ്ക്കും സാഹിത്യത്തിനും അറുപത് വര്‍ഷത്തിലേറെയായി സംഭാവനകള്‍ നല്‍കിയ അദ്ദേഹം സംവിധായകന്‍, നിര്‍മ്മാതാവ്, കഥാകൃത്ത്, തിരക്കഥാകൃത്ത്, സംഭാഷണ രചയിതാവ് എന്നീ നിലകളില്‍ മായാത്ത മുദ്ര പതിപ്പിച്ചു. ‘മലയാള ഭാഷ തന്‍ മാദക ഭംഗി’ എന്ന് തുടങ്ങുന്ന ഗാനം മാത്രം മതി ശ്രീകുമാരന്‍ തമ്പി എന്ന ഗാനരചയിതാവിനെ എന്നും മലയാളി ഓര്‍ക്കാന്‍.ശ്രീകുമാരന്‍ തമ്പി സാഹിത്യത്തില്‍ മാത്രമല്ല, സിനിമയിലും തന്റേതായ ഇടം നേടിയിട്ടുണ്ട്. 30-ലധികം സിനിമകള്‍ സംവിധാനം ചെയ്യുകയും 26 സിനിമകള്‍ നിര്‍മ്മിക്കുകയും 13 സീരിയലുകള്‍ നിര്‍മ്മിക്കുകയും ചെയ്ത അദ്ദേഹം വിനോദ വ്യവസായത്തിലെ ചാലകശക്തിയായിരുന്നു. ശ്രീകുമാരന്‍ തമ്പിയ്ക്ക് ഇനിയും മികച്ച രചനകള്‍ നടത്താനാവട്ടെ എന്ന് മന്ത്രി ആശംസിച്ചു.
തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളായ പന്ന്യന്‍ രവീന്ദ്രന്‍, ശശി തരൂര്‍, രാജീവ് ചന്ദ്രശേഖര്‍, ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥ്, മുന്‍മന്ത്രി എം വിജയകുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
No comments
Post a Comment