Header Ads

  • Breaking News

    കേരളത്തിൽ ശമ്പളവും പെൻഷനും മുടങ്ങില്ല, വൈകുന്നത് സാങ്കേതിക പ്രശ്നം മാത്രം; പ്രചാരണം തള്ളി ധനമന്ത്രി

    കണ്ണൂർ: സംസ്ഥാനത്ത് ശമ്പളവും പെൻഷനും മുടങ്ങില്ലെന്നും ഒന്നോ രണ്ടോ ദിവസം കാലതാമസമുണ്ടാകുന്നത് സാങ്കേതിക പ്രശ്‌നം മാത്രമാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. അസോസിയേഷൻ ഓഫ് കേരള ഗവ. കോളജ് ടീച്ചേഴ്സ് (എകെജിസിടി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

    കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ശമ്പളം മുടങ്ങിയെന്നാണു പ്രചാരണം. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാനത്തിന് അവകാശപ്പെട്ട തുക കേന്ദ്ര സർക്കാർ നൽകാതിരുന്നത്. 13,000 കോടി രൂപയാണു തടഞ്ഞുവച്ചിരിക്കുന്നത്. ഇക്കാര്യമല്ലേ ചർച്ചയാവേണ്ടതെന്നും മന്ത്രി ചോദിച്ചു.

    ശമ്പളവും പെൻഷനും മുടക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നു മുഖ്യമന്ത്രി നേരത്തേ തന്നെ ചൂണ്ടിക്കാണിച്ചിരുന്നുവെന്നും ധനമന്ത്രി പറഞ്ഞു. ശ്രീലങ്ക പോലെ കേരളമാവുമെന്നാണു പ്രചാരണം. അതു സംഭവിക്കില്ല. തനതു വരുമാനത്തിൽ ഏറ്റവുമധികം വർധനവുണ്ടാക്കിയ സംസ്ഥാനമാണ് കേരളം. എന്നാൽ ജിഎസ്ട‌ി ഉൾപ്പടെ നികുതി കേന്ദ്രമാണ് പിരിക്കുന്നത്. കേരളത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾക്കു പോലും പണം ലഭിക്കാത്ത സാഹചര്യമാണു കേന്ദ്രസർക്കാർ സൃഷ്‌ടിക്കുന്നത്. ചില സംസ്ഥാനങ്ങൾക്ക് കൂടുതൽ തുക, കേരളത്തിന് കുറഞ്ഞ തുക എന്ന നിലപാട് ശരിയല്ല. അങ്ങനെ മുക്കിക്കൊല്ലാൻ ശ്രമിച്ചാൽ നിന്നു തരില്ലെന്നും ധനമന്ത്രിപറഞ്ഞു.

    ധന കമ്മി നികത്താനാണ് കടം എടുക്കുന്നത്. കേന്ദ്രസർക്കാർ രാജ്യത്തിന്റെ ജിഡിപിയുടെ 6.4 ശതമാനം തുക കടം എടുക്കുന്നുണ്ട്. 3.5 ശതമാനം കടമെടുക്കാൻ കേരളത്തിനും അവകാശമുണ്ട്. എന്നാൽ 2.4 ശതമാനം തുക മാത്രമേ കടമെടുക്കാൻ അനുവദിക്കുന്നുള്ളൂ. കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്‌പകൾ കേരളത്തിന്റെ പൊതുകടത്തിന്റെ കൂട്ടത്തിൽ ഉൾപ്പെടുതിയാണ് കൂടുതൽ വായ്പയെടുക്കുന്നതിനു തടസം സൃഷ്ടിക്കുന്നത്. ഇത് ശരിയല്ലെന്നും ധനമന്ത്രി പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad