അശ്ലീല വെബ്സൈറ്റിൽ ഡീപ് ഫേക്ക് വീഡിയോ പ്രചരിച്ചു, നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി
മിലാൻ: ഡീപ് ഫേക്ക് വീഡിയോ നിർമ്മിക്കുകയും, ഓൺലൈൻ വഴി അവ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. നഷ്ടപരിഹാരമായി ഒരു ലക്ഷം യൂറോയാണ് (ഏകദേശം 90 ലക്ഷം രൂപ) ആവശ്യപ്പെട്ടിരിക്കുന്നത്. 2020-ലാണ് കേസിനാസ്പദമായ സംഭവം. ഒരു അശ്ലീല വെബ്സൈറ്റിൽ ജോർജിയ മെലോനിയുടെ ഡീപ് ഫേക്ക് വീഡിയോ പ്രത്യക്ഷപ്പെടുകയായിരുന്നു. ചുരുങ്ങിയ കാലയളവിനുള്ളിൽ ദശലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.
ജൂലൈ 2ന് സസാരിയിലെ കോടതിയിൽ ജോർജിയ മെലോനി മൊഴി നൽകിയേക്കും. ഡീപ് ഫേക്ക് വീഡിയോ നിർമ്മിച്ചെന്ന് കരുതുന്ന നാൽപ്പതുകാരനെയും പിതാവിനെയും പറ്റി അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, വീഡിയോ നിർമ്മിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രധാനമന്ത്രിയായി അധികാരമേലക്കുന്നതിന് മുൻപാണ് ജോർജിയ മെലോനിയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിച്ചത്.
സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ചൂഷണത്തിന് ഇരയാകുന്ന സ്ത്രീകൾക്ക് പ്രതികരിക്കാൻ ധൈര്യം പകരുന്നതിനുവേണ്ടി പ്രതികാത്മകമായാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്നും, ഈ തുക അതിക്രമങ്ങൾക്ക് ഇരയായ സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് കൈമാറുമെന്നും മെലോനി വ്യക്തമാക്കി. യഥാര്‍ത്ഥ ചിത്രത്തിലെയോ വീഡിയോയിലെയോ ആളുകളുടെ മുഖം സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മാറ്റി, മറ്റ് വ്യക്തികളുടെ മുഖം ചേര്‍ത്തുവെച്ചാണ് ഡീപ് ഫേക്ക് വിഡിയോ നിര്‍മ്മിക്കുന്നത്.
No comments
Post a Comment