Header Ads

  • Breaking News

    ഇനിയുണ്ടാകില്ല ‘വനം വിഴുങ്ങി വിദേശികൾ’

    മനുഷ്യ–വന്യജീവി സംഘർഷം കുറയ്‌ക്കാൻ കേരളത്തിന്റെ സ്വാഭാവികവനം തിരിച്ചുപിടിക്കുന്നതിനുള്ള പദ്ധതികൾക്ക്‌ വേഗംകൂട്ടി സംസ്ഥാന വനംവകുപ്പ്‌. വനമേഖലയിൽ പടർന്നുകയറി തദ്ദേശീയ മരങ്ങളുടെയും സസ്യങ്ങളുടെയും വളർച്ച തടയുന്ന സെന്ന (മഞ്ഞക്കൊന്ന) ഉൾപ്പെടെയുള്ള വിദേശി മരങ്ങളെ ഇല്ലായ്‌മ ചെയ്യുന്ന പദ്ധതിക്ക്‌ വനംവകുപ്പ്‌ തുടക്കംകുറിച്ചു. വയനാട്ടിലെ തിരുനെല്ലിയിലാണ്‌ പദ്ധതി ആരംഭിച്ചത്‌.

    കാടിന്റെ പച്ചപ്പ്‌ നശിപ്പിക്കുന്ന അക്കേഷ്യ, മാഞ്ചിയം, യൂക്കാലി, വാറ്റിൽ ഉൾപ്പെടെയുള്ളവയും നീക്കം ചെയ്യും. ഓരോ പ്രദേശത്തിനും അനുസരിച്ച് വളരുന്ന മലവേപ്പ്, വട്ട, ഞാവൽ, കാട്ടുനെല്ലി, വാക, മുള തുടങ്ങിയ തദ്ദേശീയ മരങ്ങൾ വനത്തിനുള്ളിൽ വച്ചുപിടിപ്പിക്കും. ഫലവൃക്ഷങ്ങൾ ഉൾപ്പെടെ നട്ടുപിടിപ്പിക്കുന്നതോടെ വന്യമൃഗങ്ങൾ കാടിറങ്ങുന്നത് കുറയുമെന്ന്‌ വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.തിരുവനന്തപുരം, തെന്മല, തൃശൂർ, മറയൂർ, നെന്മാറ, കാസർകോട്‌, പാലക്കാട്‌, കോട്ടയം ഉൾപ്പെടെയുള്ള ഡിവിഷനുകളിൽ വിദേശ മരങ്ങൾ നീക്കാനുള്ള പ്രവൃത്തി പുരോഗമിക്കുകയാണ്‌.

    സെന്ന എന്ന 
സുന്ദരവില്ലൻ 

    തെക്ക്, മധ്യ അമേരിക്കയിൽ കാണപ്പെടുന്ന അലങ്കാര വൃക്ഷമാണ്‌ സെന്ന സ്‌പെക്‌റ്റാബിലിസ്. മഞ്ഞക്കൊന്ന വർഗത്തിലുള്ള ഇവ അധിനിവേശ മരങ്ങളുടെ വിഭാഗത്തിലുള്ളവയാണ്‌. ഇവയ്‌ക്കു സമീപം തദ്ദേശീയ വൃക്ഷങ്ങളും പുല്ലും വളരില്ല. അതിനാൽ വന്യജീവികൾക്ക്, പ്രത്യേകിച്ച് സസ്യഭുക്കുകൾക്ക് ഭക്ഷ്യക്ഷാമമുണ്ടാകും.

    അക്കേഷ്യ, മാഞ്ചിയം, യൂക്കാലി, വാറ്റിൽ തുടങ്ങി മണ്ണിലെ ജലം ഊറ്റി ജീവിക്കുന്ന മരങ്ങൾ കാരണം കാട്ടുമൃഗങ്ങൾക്ക്‌ വെള്ളത്തിന്‌ ക്ഷാമമുണ്ടാകും. 1982ൽ കേന്ദ്രസർക്കാരിന്റെ സാമൂഹിക വനവൽക്കരണ പദ്ധതിയുടെ ഭാഗമായാണ്‌ വനത്തിനുള്ളിൽ ഇവ വച്ചുപിടിപ്പിച്ചത്‌. 

    No comments

    Post Top Ad

    Post Bottom Ad