മട്ടന്നൂരിൽ യുവാവിന്റെ ആത്മഹത്യ:കരാറുകാരനെതിരെ കേസെടുത്ത് അന്വേഷിക്കാൻ കോടതി നിർദേശം
മട്ടന്നൂർ:വീട് നിർമാണത്തിന് കരാർ നൽകിയതിനു ശേഷം നിർമാണം പൂർത്തിയാക്കാതെ കരാറുകാരൻ വഞ്ചിച്ചതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ കരാറുകാരനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ മട്ടന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
മട്ടന്നൂർ എളന്നൂരിലെ പി വി ജിഷ്ണു (27) കഴിഞ്ഞ വർഷം മെയ് മാസം ആത്മഹത്യ ചെയ്ത
സംഭവത്തിലാണ് കോടതിയുടെ നിർദേശം. ജിഷ്ണുവിൻ്റെ അമ്മ കൈതേരി വീട്ടിൽ റോജ, അഭിഭാഷകനായ ടി എ ജസ്റ്റിൻ മുഖേന സമർപ്പിച്ച പരാതിയിലാണ് മട്ടന്നൂരിലെ എഡി കൺസ്ട്രക്ഷൻ എന്ന സ്ഥാപനത്തിലെ കരാറുകാരൻ കെ ദിപിനേഷിനെതിരെ അന്വേഷണം നടത്താൻ ഉത്തരവായത്.
വീട് നിർമാണത്തിനായി കുടുംബം 5.7 ലക്ഷം രൂപ ദിപിനേഷിന് കൈമാറിയിരുന്നു. എന്നാൽ സമയബന്ധിതമായി പണി പൂർത്തീകരിച്ച് നൽകുന്നതിന് ഇയാൾ തയ്യാറായില്ല. ഫോൺ മുഖേനയും നേരിട്ടും പലതവണ ജിഷ്ണു ആവശ്യപ്പെട്ടിട്ടും വാങ്ങിയ പണവും തിരികെ നൽകിയില്ല. താൻ വഞ്ചിക്കപ്പെട്ടുവെന്ന മാനസിക വിഷമത്തിലാണ് മകൻ ആത്മഹത്യ ചെയ്തതെന്നും കരാറേറ്റെടുത്ത വ്യക്തിക്കെതിരെ ചതിവും ആത്മഹത്യാ പ്രേരണാ കുറ്റങ്ങളുംചേർത്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് റോജ കോടതിയിൽ പരാതി നൽകിയത്.
No comments
Post a Comment