Header Ads

  • Breaking News

    കണ്ണൂർ മണ്ഡലത്തിൽ 13,58,359 വോട്ടർമാർ


    കണ്ണൂർ: ലോക്‌സഭാ തിരഞ്ഞടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 2019 തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ 91,809-ഉം ജില്ലയിൽ 1,45,904-ഉം വോട്ടർമാർ കൂടുതൽ. പുതിയ കണക്ക് പ്രകാരം ജില്ലയിൽ 21,16,852 വോട്ടർമാരുണ്ട്. മണ്ഡലത്തിൽ 13,58,359 പേരും. ജില്ലയിലെ ആകെ 11 നിയമസഭാ മണ്ഡലങ്ങളിൽ പയ്യന്നൂർ, കല്യാശ്ശേരി എന്നിവ കാസർകോട് ലോക്‌സഭാ മണ്ഡലത്തിലും തലശ്ശേരി, കൂത്തുപറമ്പ് എന്നിവ വടകര മണ്ഡലത്തിലുമാണ്.

    2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 30,461 വോട്ടർമാരാണ് കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ കൂടിയത്. ജില്ലയിൽ 49,315-ഉം. ജനുവരി 22-ന് വോട്ടർപട്ടിക പ്രസിദ്ധപ്പെടുത്തിയപ്പോൾ ജില്ലയിൽ 20,54,156 വോട്ടർമാരായിരുന്നു. 72 ദിവസം കൊണ്ട് ജില്ലയിൽ കൂടുതലായി ചേർത്തത് 62,696 പേരെയാണ്. മണ്ഡലത്തിൽ 38,732 പേരെയും.

    രാഷ്ട്രീയപാർട്ടികൾ ശരിക്കും ഉത്സാഹിച്ചെന്ന് അർഥം. ജയപരാജയങ്ങളെ നിർണായകമായി സ്വാധീനിക്കാൻ പോന്നതാണ് ഈ വോട്ടുവർധന. ജനുവരി 22-ലെ കണക്ക് പ്രകാരം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഒൻപത് നിയമസഭാ മണ്ഡലങ്ങളിൽ വോട്ട് കുറഞ്ഞിരുന്നു. ഇതുപ്രകാരം കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ ആകെ 8271 വോട്ടർമാരാണ് കുറഞ്ഞിരുന്നത്. പക്ഷേ പുതിയ പട്ടിക വന്നപ്പോൾ എല്ലാ മണ്ഡലങ്ങളിലും വോട്ട് കൂടിയിട്ടുണ്ട്.

    ജില്ലയിലെ ആകെ വോട്ടർമാരിൽ 10,02,610 പുരുഷൻമാരും 11,14,234 സ്ത്രീകളുമാണ്. പുരുഷൻമാരെക്കാൾ 1,11,624 സ്ത്രീ വോട്ടർമാർ കൂടുതൽ. എട്ട് ട്രാൻസ്ജെൻഡർമാരുമുണ്ട്. ജില്ലയിലെ വോട്ടർമാരിൽ ഭിന്നശേഷിക്കാർ 24,818 പേരും പ്രവാസി വോട്ടർമാർ 13,868 പേരുമാണ്. ജില്ലയിലെ പ്രശ്നസാധ്യതാ ബൂത്തുകളിൽ പ്രത്യേക നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ വരണാധികാരി കൂടിയായ കളക്ടർ അറിയിച്ചു. വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയം വ്യാഴാഴ്ച അവസനാച്ചു.

    No comments

    Post Top Ad

    Post Bottom Ad