വോട്ടർമാരെ നാട്ടിലെത്തിക്കാൻ പ്രവാസി സംഘടനകൾ; നാട്ടിലേക്ക് ടിക്കറ്റെടുത്തത് 15,000 പേർ
2024 ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രവാസി വോട്ടർമാരെ നാട്ടിലെത്തിക്കാൻ ശ്രമം. മുഖ്യധാര രാഷ്ട്രീയപ്പാർട്ടികളുടെ പ്രവാസി സംഘടനകൾ തങ്ങളുടെ സ്ഥാനാർഥികൾക്ക് വോട്ട് ഉറപ്പിക്കാനുള്ള പ്രചാരണ പ്രവർത്തനത്തിലാണ്. ഗൾഫ് മേഖലയിൽനിന്ന് 15,000 പേരാണ് നിലവിൽ നാട്ടിലേക്കെത്താൻ ടിക്കറ്റ് ബുക്ക് ചെയ്തത്.
ഗൾഫ് മേഖലയിൽ മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികൾക്ക് ഉൾപ്പെടെ 100-ലധികം മലയാളി കൂട്ടായ്മകളുണ്ട്. സിപിഎമ്മിൻ്റെ പ്രവാസി സംഘടനകൾ പ്രതിഭ, കേളി, നവോദയ തുടങ്ങി വ്യത്യസ്‌ത പേരുകളിലാണ് പ്രവർത്തിക്കുന്നത്. സംഘടനയിലെ അംഗങ്ങളെയും അനുഭാവികളെയും നേരിൽക്കണ്ട് പരമാവധിയാളുകളെ നാട്ടിലയക്കാനാണ് ശ്രമം. 15,000 പേർ ഇതിനോടകം തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ നാട്ടിലെത്താൻ ടിക്കറ്റ് ബുക്ക് ചെയ്ത് കഴിഞ്ഞു. ഇനിയും കൂടുതൽപേരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സംഘടനകൾ.
മുസ്ലിം ലീഗിൻ്റെ പ്രവാസിസംഘടനയായ കെഎംസിസി മൂന്നുവിമാനങ്ങൾ വഴി പ്രവാസികളെ നാട്ടിലെത്തിക്കും. യുഎഇ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽനിന്നാണ് ചാർട്ടേഡ് വിമാനങ്ങളിൽ പ്രവാസികളെത്തുക. കോൺഗ്രസിന്റെ പ്രവാസിസംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസും, ബിജെപിയുടെ സംസ്കൃതി, നവഭാരത് തുടങ്ങിയവയും സജീവമാണ്. പ്രവാസി സംഘടനകൾക്ക് സ്വതന്ത്ര കമ്മിറ്റികളാണ് ഓരോ രാജ്യത്തുമുള്ളത്.
No comments
Post a Comment