23 വർഷം മാവോയിസ്റ്റായി പ്രവർത്തിച്ചു, ഇനി പ്രാധാന്യമില്ല’: പാത ഉപേക്ഷിച്ചുവെന്ന് സുരേഷ്
കണ്ണൂർ: കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമായ കാഞ്ഞിരക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ മാവോയിസ്റ്റ് പോലീസിൽ കീഴടങ്ങി. മാവോയിസ്റ്റ് സായുധ വിപ്ലവ പാത താൻ ഉപേക്ഷിച്ചതായും സുരേഷ് പറഞ്ഞു. ചിക്കമംഗളൂരു സ്വദേശിയാണ് സുരേഷ്. മാവോയിസ്റ്റ് ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്ന് തിരിച്ചറിഞ്ഞാണ് കീഴടങ്ങുന്നതെന്ന് സുരേഷ് വ്യക്തമാക്കി. 23 വർഷം മാവോയിസ്റ്റായി പ്രവർത്തിച്ചിട്ടും ഒന്നും ചെയ്യാൻ സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റ് സംഘത്തിൽ നിരവധി മലയാളികൾ ഉണ്ട്. സ്ത്രീകളും സംഘത്തിലുണ്ട്. കാട്ടിൽവെച്ച് ആന കുത്തിയതോടെയാണ് തനിക്ക് പരിക്കേറ്റതെന്നും കീഴടങ്ങാൻ നേരത്തെ ആലോചിച്ചിരുന്നുവെന്നും സുരേഷ് പറഞ്ഞു. മാവോയിസ്റ്റ് കബനി ദളം പ്രവർത്തകനാണ് കർണാടക സ്വദേശിയായ സുരേഷ്. തണ്ടർബോൾട്ട് തെരച്ചിൽ ശക്തമാക്കിയതിനെ തുടർന്ന് കണ്ണൂരിലെ അതിർത്തി മേഖലകളിൽ തമ്പടിച്ചിരുന്ന മാവോയിസ്റ്റുകൾ ഇപ്പോൾ കുടക് വനമേഖലകളിലേക്ക് മാറിയിരിക്കുകയാണ്.
കഴിഞ്ഞ ഫെബ്രുവരി 16നാണ് കാഞ്ഞിരക്കൊല്ലിയിൽ കാട്ടാനയുടെ കുത്തേറ്റ് സുരേഷിന് പരിക്കേറ്റത്. ഇതോടെ ഇയാളെ ഒരു വീട്ടിൽ ഉപേക്ഷിച്ച് ബാക്കിയുള്ള മാവോയിസ്റ്റുകൾ കടന്നുകളയുകയായിരുന്നു. ചികിത്സയിലായിരുന്ന സുരേഷ് ചികിത്സയ്ക്ക് ശേഷം അറസ്റ്റിലായി. ഇതിന് പിന്നാലെയാണ് മാവോയിസ്റ്റ് ബന്ധം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്.
No comments
Post a Comment