Header Ads

  • Breaking News

    മന്ത്രിയുടെ ഡ്രൈവിങ്‌ടെസ്റ്റ് പരിഷ്‌കരണം പാളുന്നു; ടെസ്റ്റിങ്ങ് ഗ്രൗണ്ടിന് സ്ഥലവുമില്ല, പണവുമില്ല.


    കണ്ണൂർ :സംസ്ഥാനത്തെ ഡ്രൈവിങ്ടെസ്റ്റ് സംവിധാനം മേയ് ഒന്നുമുതൽ പരിഷ്കരിക്കാനുള്ള മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ പ്രഖ്യാപനം തത്കാലം നടപ്പാകില്ല. ഏപ്രിൽ ആദ്യവാരം പിന്നിടുമ്പോഴും പുതിയ ടെസ്റ്റിങ് ഗ്രൗണ്ടിനുള്ള നടപടികളൊന്നും അന്തിമരൂപം കൈവരിച്ചിട്ടില്ല. മോട്ടോർവാഹനവകുപ്പിന്റെ എട്ട് ഓട്ടോമേറ്റഡ് ടെസ്റ്റിങ് ട്രാക്കുകളും നിർദിഷ്ടരീതിയിലേക്ക് മാറ്റിയിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ കഴിയാത്തതിനാൽ തത്കാലം ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണത്തിൽ മാത്രമാകും നിയന്ത്രണമേർപ്പെടുത്തുക.മന്ത്രിയുടെ നിർദേശപ്രകാരം 77 ഓഫീസുകളിൽ ടെസ്റ്റ് നടത്തുന്നതിന് ഉദ്യോഗസ്ഥർ സ്ഥലം കണ്ടെത്തിയിരുന്നു. എന്നാൽ, ഇവയിൽ അടിസ്ഥാനസൗകര്യങ്ങളൊരുക്കാനുള്ള തുക ഇനിയും അനുവദിച്ചിട്ടില്ല. റോഡ് സുരക്ഷാഫണ്ട് വിനിയോഗിക്കാൻ ശ്രമിച്ചെങ്കിലും ധനവകുപ്പിന്റെ അനുമതി കിട്ടിയിട്ടില്ല. ഉദ്യോഗസ്ഥർ കണ്ടെത്തിയതിൽ ഭൂരിഭാഗവും റവന്യു പുറമ്പോക്കും തദ്ദേശസ്ഥാപനങ്ങളുടേതുമാണ്. സ്വകാര്യഭൂമിയും ഇക്കൂട്ടത്തിലുണ്ട്.

    ഇതിൽ തുക മുടക്കുന്നതിന് ധനവകുപ്പിന്റെ അനുമതി വേണ്ടിവരും. കയറ്റത്തിൽ നിർത്തി വാഹനം മുന്നോട്ടെടുക്കുന്ന (ഗ്രേഡിയന്റ്) പരിശോധന എല്ലായിടത്തും ഒരേരീതിയിൽ നടത്തിയില്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടാനിടയുണ്ട്. തടി വിരിച്ച് സൗകര്യമൊരുക്കാൻ കെ.എസ്.ആർ.ടി.സി.യിലെ വിദഗ്ധർ നിർദേശിച്ചെങ്കിലും പരാജയപ്പെട്ടു. കെ.എസ്.ആർ.ടി.സിയുടെ സ്ഥലത്ത് അടിസ്ഥാനസൗകര്യങ്ങളൊരുക്കാൻ തീരുമാനിച്ചെങ്കിലും റോഡ് സുരക്ഷാഫണ്ടിൽനിന്നും തുക ലഭിച്ചിട്ടില്ല.

    ടെസ്റ്റിങ് ഗ്രൗണ്ടുകളിൽ നിരീക്ഷണക്യാമറ സ്ഥാപിക്കാനും തുക അനുവദിച്ചിട്ടില്ല. പരിഷ്കരണത്തിനെതിരേ ഡ്രൈവിങ് സ്കൂളുകാരുടെ സംഘടന കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ഉടൻ കോടതി പരിഗണിക്കും. സി.ഐ.ടി.യു. നേതൃത്വം നൽകുന്ന ഡ്രൈവിങ് സ്കൂൾജീവനക്കാരുടെ സംഘടനയും ഗതാഗതമന്ത്രിയുടെ തീരുമാനങ്ങൾക്കെതിരേ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. 26-നുശേഷം ചർച്ചയുണ്ടാകും. ടെസ്റ്റിങ് ഗ്രൗണ്ട് സ്കൂളുകാർ ഒരുക്കണമെന്ന മന്ത്രിയുടെ നിർദേശമാണ് എതിർപ്പിന് ഇടയാക്കിയത്.

    No comments

    Post Top Ad

    Post Bottom Ad