ഫേസ്‍ബുക്കിൽ പരിചയപ്പെട്ട 'വ്യോമസേന ഉദ്യോഗസ്ഥൻ'; നേരിട്ടുള്ള കൂടിക്കാഴ്ച വൻ ചതിയായി മാറി, തട്ടിയത് ലക്ഷങ്ങൾ
നാഗ്പൂർ സ്വദേശിനിയായ 36 വയസുകാരി ഏകദേശം നാല് വർഷം മുമ്പാണ് യുവാവിനെ ഫേസ്‍ബുക്ക് വഴി പരിചയപ്പെടുന്നത്. ശ്യാം വർമ എന്നായിരുന്നു ഫേസ്‍ബുക്ക് പ്രൊഫൈലിലെ പേര്. ഇന്ത്യൻ വ്യോമ സേനയിൽ ജോലിയെന്നായിരുന്നു പറഞ്ഞിരുന്നത്. ഗുജറാത്തിലാണ് നിലവിൽ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നതെന്നും നാഗ്പൂരിലാണ് താമസമെന്നും യുവതിയോട് പറഞ്ഞു. അടുപ്പം വർദ്ധിച്ചതോടെ ഇരുവരും പരസ്പരം കാണാൻ തീരുമാനിച്ചു.
എന്നാൽ ഈ കൂടിക്കാഴ്ചയ്ക്കിടെ യുവാവ് തനിക്ക് കുടിക്കാൻ നൽകിയ പാനീയത്തിൽ മയക്കുമരുന്ന് ചേർത്തുവെന്നും ബോധരഹിതയായി വീണ തന്റെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പകർത്തിയെന്നുമാണ് പരാതിയിൽ യുവതി ആരോപിക്കുന്നത്. പിന്നീട് ഈ ഫോട്ടുകളുടെ വീഡിയോകളും വെച്ച് ഭീഷണിപ്പെടുത്താൻ തുടങ്ങി. പറയുന്നതെല്ലാം അനുസരിച്ചില്ലെങ്കിൽ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.
നാല് ലക്ഷം രൂപയോളം പണമായും ചില സ്വർണം, വെള്ളി ആഭരണങ്ങളും യുവാവ് വാങ്ങിയെന്ന് പരാതിയിൽ ആരോപിക്കുന്നുണ്ട്. എന്നാൽ യുവാവ് വ്യോമസേനാ ജീവനക്കാരൻ അല്ലെന്നും പറഞ്ഞതെല്ലാം കള്ളമാണെന്നും യുവതി മനസിലാക്കി. ശ്യാം സുപത്കർ എന്നായിരുന്നു അയാളുടെ യഥാർത്ഥ പേര്. കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കിയതോടെ പൊലീസിനെ സമീപിച്ച് പരാതി നൽകി. ബലാത്സംഗം, സാമ്പത്തിക അപഹരണം തുടങ്ങിയ വിവിധ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പൊലീസ് അറിയിച്ചു
No comments
Post a Comment