മുസ്ലിംകൾ പ്രേമിച്ച് മതം മാറ്റി ഇസ്ലാമിക്ക് സ്റ്റേറ്റിൽ അംഗങ്ങളാക്കിയ പത്ത് സ്ത്രീകളുടെ പേരും അഡ്രസും പ്രസിദ്ധീകരിക്കുന്നവർക്ക് ഒരു കോടി രൂപ’ പ്രഖ്യാപിച്ച് എഴുത്തുകാരൻ
മുസ്ലിംകൾ പ്രേമിച്ച് മതം മാറ്റി ഇസ്ലാമിക്ക് സ്റ്റേറ്റിൽ അംഗങ്ങളാക്കിയ പത്ത് സ്ത്രീകളുടെ പേരും അഡ്രസും പ്രസിദ്ധീകരിക്കുന്നവർക്ക് ഒരു കോടി രൂപ പ്രഖ്യാപിച്ച് എഴുത്തുകാരൻ. സോഷ്യൽ മീഡിയ ബ്ലോഗറും കൊച്ചി സ്വദേശിയുമായ നസീർ ഹുസൈൻ കിഴക്കേടത്ത് ആണ് ഇത്തരത്തിൽ ഒരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട് നസീർ ഹുസൈൻ ഈ ഓഫർ സംഘപരിവാർ അനുകൂലികൾക്ക് മുൻപിൽ വെച്ചിരിക്കുന്നത്. കേരള സ്റ്റോറി എന്ന സിനിമ ഇറങ്ങിയ സമയത്ത് ഇതേ ഓഫർ നസീർ ഹുസൈൻ പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ ക്രിസ്ത്യൻ രൂപതകൾ പോലും വീണ്ടും സംഘപരിവാർ പ്രൊപഗാണ്ടയുള്ള ഈ സിനിമ പ്രദർശിപ്പിക്കാൻ തുടങ്ങിയ സാഹചര്യത്തിലാണ് വീണ്ടും ഒരു വെല്ലുവിളി നസീർ ഹുസൈൻ ഉയർത്തിയത്. മുസ്‌ലിംകൾ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിൽ ചേർത്ത 32,000 സ്ത്രീകളുടെ വിവരം ഒന്നും വേണ്ട വെറും പത്ത് പേരുടെയെങ്കിലും വിവരങ്ങൾ തന്നാൽ മതി എന്ന് നസീർ ഹുസൈൻ വെല്ലുവിളി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
കേരള സ്റ്റോറി എന്ന സിനിമയെക്കുറിച്ച് കഴിഞ്ഞ വർഷം ഏപ്രിലിൽ ഞാൻ മുന്നോട്ട് വച്ച വെല്ലുവിളി, ഒന്നുകൂടി കേരളത്തിലെ ഇടുക്കി താമരശ്ശേരി രൂപതകൾക്ക് മുന്നിലും ക്രിസ്ത്യൻ യുവജനവിഭാഗമായ കെസിവൈഎം ൻ്റെ മുന്നിലേക്കും വയ്ക്കുന്നു. ഇത്തവണ സമ്മാന തുക ഒരു കോടിയായി വർദ്ധിപ്പിക്കുന്നു.
കേരള സ്റ്റോറി എന്ന സംഘപരിവാർ പ്രൊപ്പഗാണ്ട സിനിമയിൽ പറയുന്ന പോലെ , കേരളത്തിലെ മുസ്ലിം മതത്തിൽ ജനിച്ച് മുസ്ലിം വിശ്വാസികൾ ആയി ജീവിക്കുന്ന യുവാക്കൾ പ്രേമിച്ച് മതം മാറ്റി ഇസ്ലാമിക്ക് സ്റ്റേറ്റിൽ അംഗങ്ങൾ ആക്കിയ പത്ത് സ്ത്രീകളുടെ പേര്, അഡ്രസ് തുടങ്ങിയ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നവർക്ക് ഞാൻ ഒരു കോടി രൂപ ഓഫർ ചെയ്യുന്നു. ഓർക്കുക 32,000 സ്ത്രീകളുടെ വിവരം ഒന്നും വേണ്ട വെറും പത്ത് പേരുടെയെങ്കിലും വിവരങ്ങൾ തന്നാൽ മതി….
ഈ വെല്ലുവിളി ഏറ്റെടുക്കാൻ കഴിയില്ലെങ്കിൽ, ഈ സംഘപരിവാർ പ്രൊപ്പഗാണ്ട സിനിമ കുട്ടികളുടെ മുന്നിൽ പ്രദർശിപിച്ചതിന് ഇവർ കേരളത്തിലെ മതേതര സമൂഹത്തോട് മാപ്പ് പറയണം.
No comments
Post a Comment