Header Ads

  • Breaking News

    കടമെടുപ്പ് പരിധി: കേരളത്തിന്റെ കണക്കുകളില്‍ പൊരുത്തക്കേടെന്ന് സുപ്രീംകോടതി



    ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി ഉത്തരവില്‍ കേരളത്തിനെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി സുപ്രീംകോടതി. അധിക വായ്പ എടുക്കാനുള്ള സാഹചര്യം പ്രാഥമദൃഷ്ട്യാ ബോധ്യപ്പെടുത്താന്‍ കേരളത്തിനായില്ലെന്ന് വിധിപ്പകര്‍പ്പില്‍ പറയുന്നു.

    കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിലാണ് സുപ്രധാനമായ വിവരങ്ങളുള്ളത്

    കേരളം പറയുന്ന കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്നും സംസ്ഥാനത്തെ ധനകാര്യ മാനേജ്‌മെന്റിലെ വീഴ്ച്ച കാരണമുള്ള പ്രതിസന്ധി കേന്ദ്രത്തില്‍ നിന്ന് ഇടക്കാല ആശ്വാസം വാങ്ങാന്‍ കാരണമാകില്ലെന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നു. 10,722 കോടി കടമെടുക്കാനുള്ള കേരളത്തിന്റെ അവകാശം സംസ്ഥാനത്തിന് ബോധ്യപ്പെടുത്താന്‍ കഴിയാതെ പോയി. ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചാല്‍ ധനകാര്യ ചട്ടങ്ങള്‍ ലംഘിച്ച സംസ്ഥാനങ്ങള്‍ കൂടുതല്‍ വായ്പ എടുക്കുന്നതിന് ഇടയാക്കുമെന്നും ഉത്തരവിലുണ്ട്.

    സംസ്ഥാനങ്ങളുടെ വായ്പ പരിധിയില്‍ അനാവശ്യ കൈകടത്തലിന് കേന്ദ്ര സര്‍ക്കാരിന് അവകാശമില്ലെന്ന് പറഞ്ഞാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. കിഫ്ബി വഴി എടുത്ത കടം പൊതു കടത്തില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര നടപടിയും കേരളം ചോദ്യം ചെയ്തിരുന്നു. കടമെടുക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കുന്ന ഭരണഘടനയുടെ 293ാം അനുച്ഛേദവുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥന്‍ എന്നിവരുള്‍പ്പെട്ട രണ്ടംഗ ബഞ്ച് ചൂണ്ടിക്കാട്ടി.

    കോടതി ഇടപെടല്‍ വഴി കൂടുതല്‍ സഹായം കേരളത്തിന് ഇതിനകം കിട്ടിയെന്ന് രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. 13600 കോടി രൂപ കേരളത്തിന് കേന്ദ്രം നല്‍കാന്‍ തയ്യാറായി. 5000 കോടി കൂടി നല്‍കാം എന്ന വാഗ്ദാനവുമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ഇടക്കാല ആശ്വാസത്തിന് ഉത്തരവിടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു വര്‍ഷം നല്‍കുന്ന അധിക തുക അടുത്ത വര്‍ഷം വെട്ടിക്കുറയ്ക്കാന്‍ അവകാശമുണ്ടെന്ന കേന്ദ്ര വാദവും കോടതി അംഗീകരിച്ചു. പ്രധാന ഹര്‍ജി ഭരണഘടന ബെഞ്ചിന് വിട്ടത് ആശ്വാസമായെങ്കിലും തത്കാലം കൂടുതല്‍ കടമെടുക്കാനുള്ള കേരളത്തിന്റെ നീക്കത്തിന് ഉത്തരവ് തിരിച്ചടിയായി.

    No comments

    Post Top Ad

    Post Bottom Ad