Header Ads

  • Breaking News

    ഒറ്റത്തള്ളിന് വീഴ്ത്തി'; ടിടിഇയെ തള്ളിയിട്ട് കൊന്ന പ്രതി ഹോട്ടല്‍ ജീവനക്കാരന്‍, ടിക്കറ്റ് ചോദിച്ചതിന്റെ പക, മദ്യലഹരിയിലെന്ന് പൊലീസ്


    തൃശൂര്‍: വെളപ്പായയില്‍ ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇ കെ വിനോദിനെ തള്ളിയിട്ട് കൊന്ന പ്രതി ഹോട്ടല്‍ ജീവനക്കാരന്‍. കൊലപാതക കേസില്‍ പ്രതി ഭിന്നശേഷിക്കാരനായ ഒഡീഷ സ്വദേശി രജനീകാന്ത റാണയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ടിടിഇയെ തള്ളിയിടുന്ന സമയത്ത് രജനീകാന്ത റാണ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇന്ന് രാവിലെ ചോദ്യം ചെയ്ത ശേഷം വൈകീട്ട് നാലുമണിയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

    ഇന്നലെ രാത്രി ഏഴരയോടെ മുളങ്കുന്നത്തുകാവ് റെയില്‍വെ ഓവര്‍ ബ്രിഡ്ജിനു താഴെയുള്ള ട്രാക്കില്‍വെച്ചാണ് സംഭവം. എറണാകുളത്തു നിന്നും പട്‌നയിലേക്കുള്ള ട്രെയിനിലെ ടിടിഇ ആയിരുന്ന വിനോദിനെ ആണ് പിടിച്ചുതള്ളി കൊലപ്പെടുത്തിയത്. മദ്യപിച്ച് ലക്കുകെട്ട പ്രതി യാത്രക്കാരോടെല്ലാം മോശമായാണ് പെരുമാറിയിരുന്നത്. ഇതും ടിടിഇ ചോദ്യം ചെയ്തിരുന്നു. ഒപ്പം ടിക്കറ്റ് ചോദിക്കുകയും അടുത്ത സ്റ്റോപ്പില്‍ ഇറക്കിവിടാനായി രജനീകാന്തിനെ ഡോറിനടുത്തേക്ക് കൊണ്ടു നിര്‍ത്തുകയും ചെയ്തു. ഇതോടെ പ്രതി വീണ്ടും പ്രകോപിതനായി ടിടിഇയെ ഒറ്റത്തള്ളിന് പുറത്തേക്ക് വീഴ്ത്തി. ടിടിഇ അടുത്ത ട്രാക്കിലേക്ക് വീഴുകയും പിന്നാലെ വന്ന ട്രെയിനടിയില്‍പ്പെട്ട് മരിക്കുകയുമായിരുന്നുവെന്നും പൊലീസ് പറയുന്നു.

    ഉടന്‍ തന്നെ യാത്രക്കാര്‍ പൊലീസിനെയും ആര്‍പിഎഫിനെയും വിവരം അറിയിച്ചു. മുളങ്കുന്നത്തുകാവിനും വടക്കാഞ്ചേരിക്കും ഇടയിലാണ് ടിടിഇ വീണത് എന്നറിയിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ടിടിഇ വിനോദിന്റെ മൃതദേഹം കണ്ടത്. പിടിയിലായ ശേഷം പ്രതി രജനീകാന്ത് താന്‍ ഒറ്റത്തള്ളിനാണ് വീഴ്ത്തിയതെന്ന് മൊഴി നല്‍കിയതായും പൊലീസ് പറഞ്ഞു

    No comments

    Post Top Ad

    Post Bottom Ad