Header Ads

  • Breaking News

    ലൈംഗികബന്ധം സ്ത്രീയുടെ തിരഞ്ഞെടുപ്പാണെങ്കിൽ വാഗ്ദാനം നൽകി തെറ്റിദ്ധരിപ്പിച്ചെന്ന് പറയാനാകില്ല- കോടതി



    ന്യൂഡല്‍ഹി: ലൈംഗികബന്ധം ഒരു സ്ത്രീയുടെ യുക്തിസഹമായ തിരഞ്ഞെടുപ്പിലൂടെ സംഭവിച്ചതാണെങ്കില്‍ പുരുഷന്‍ തെറ്റിദ്ധരിപ്പിച്ച് സമ്മതം നേടിയെടുത്തെന്ന് പറയാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാഹവാഗ്ദാനം നൽകി തെറ്റിദ്ധരിപ്പിച്ചെന്ന് പറയണമെങ്കില്‍ അതിന് വ്യക്തമായ തെളിവ് വേണമെന്നും ഹൈക്കോടതി പറഞ്ഞു.

    ബലാത്സംഗ കേസ് തള്ളിക്കൊണ്ട് ജസ്റ്റിസ് അനൂപ് കുമാര്‍ മെഹംദീരത്തയാണ് ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. പ്രശ്‌നം കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പായെന്നും കക്ഷികളായ സ്ത്രീയും പുരുഷനും വിവാഹിതരായെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അനൂപ് കുമാര്‍ കേസ് തള്ളിയത്.

    ‘അനന്തരഫലങ്ങള്‍ പൂര്‍ണമായി മനസിലാക്കിയ ശേഷം ഒരു സ്ത്രീ ശാരീരികബന്ധത്തിലേര്‍പ്പെടാൻ യുക്തിസഹമായ തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍, പുരുഷന്‍ ആ തെറ്റിദ്ധരിപ്പിച്ചാണ് ലൈംഗികബന്ധത്തിന് സമ്മതം നേടിയതെന്ന് പറയാനാകില്ല. അല്ലെങ്കില്‍, പാലിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലാത്ത ഒരു വ്യാജവാഗ്ദാനം നല്‍കിയാണ് ലൈംഗികബന്ധത്തിന് സമ്മതം നേടിയത് എന്നതിന് വ്യക്തമായ തെളിവുകള്‍ വേണം. കൂടാതെ വാഗ്ദാനം ആ സമയത്ത് പ്രസക്തമായതും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള സ്ത്രീയുടെ സമ്മതവുമായി നേരിട്ട് ബന്ധമുള്ളതുമായിരിക്കുകയും വേണം’, ഡല്‍ഹി ഹൈക്കോടതി പറഞ്ഞു.

    വിവാഹവാഗ്ദാനം നല്‍കി താനുമായി നിരന്തരം ലൈംഗികബന്ധത്തിലേര്‍പ്പെട്ടുവെന്നും പിന്നീട് വീട്ടുകാര്‍ മറ്റൊരു വിവാഹം ഉറപ്പിച്ചുവെന്ന് പറഞ്ഞ് വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയെന്നും ആരോപിച്ച് യുവാവിനെതിരെ യുവതി നല്‍കിയ ബലാത്സംഗ കേസാണ് കോടതി തള്ളിയത്. പിന്നീട് ആരോപണവിധേയനും പരാതിക്കാരിയും തര്‍ക്കം പരിഹരിച്ചുവെന്നും തങ്ങള്‍ വിവാഹിതരായെന്നും കോടതിയെ അറിയിക്കുകയായിരുന്നു.

    ഭര്‍ത്താവിനൊപ്പം സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് വിവാഹത്തിന് വിസമ്മതിച്ചതിനാല്‍ തെറ്റിദ്ധാരണയുടെ പുറത്താണ് കേസ് നല്‍കിയതെന്നും അതിനാല്‍ കേസുമായി മുമ്പോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. പരാതിയിന്മേല്‍ അന്വേഷണം പുരോഗമിക്കവെയാണ് യുവാവ് പരാതിക്കാരിയെ വിവാഹം ചെയ്തത്.

    No comments

    Post Top Ad

    Post Bottom Ad