ലൈസന്‍സും ആര്‍.സി.ബുക്കും എത്തിത്തുടങ്ങി; വാഹന ഇടപാടുകള്‍ പൂര്‍വസ്ഥിതിയിലേക്ക്
വിതരണം നിലച്ചിരുന്ന ആര്‍.സി.യും ലൈസന്‍സും അപേക്ഷകരുടെ വീടുകളില്‍ എത്തിത്തുടങ്ങിയതോടെ വാഹനമിടപാടുകള്‍ പൂര്‍വസ്ഥിതിയിലേക്ക്. ആര്‍.സി.യും ലൈസന്‍സും 30 ദിവസത്തിനുള്ളില്‍ കൊടുക്കണമെന്നാണ് ഗതാഗതവകുപ്പിന്റെ നിര്‍ദേശം. ആറുലക്ഷം ലൈസന്‍സും നാലുലക്ഷം ആര്‍.സി.യുമാണ് നല്‍കാനുണ്ടായിരുന്നത്. വെള്ളിയാഴ്ചയോടെ ഇവയുടെ അച്ചടി കൂടുതല്‍ കാര്യക്ഷമമാകും.
പതിവുപോലെ തപാല്‍ വഴിയാണ് ഇവ അയക്കുന്നത്. ആര്‍.ടി. ഓഫീസുകളില്‍നിന്നു നേരിട്ടേ ഇവ നല്‍കാവൂവെന്ന് ഇടയ്ക്കു നിര്‍ദേശമുണ്ടായിരുന്നു. മാസങ്ങളായി കെട്ടിക്കിടക്കുന്നതിനാല്‍ പെട്ടെന്നു കിട്ടാനായിരുന്നു ഇത്. എന്നാല്‍, അപേക്ഷകളോടൊപ്പം 45 രൂപ തപാല്‍ക്കൂലി വാങ്ങിയത് കുരുക്കായി. നേരിട്ടുവാങ്ങണമെന്ന നിര്‍ദേശത്തില്‍ എതിര്‍പ്പുയര്‍ന്നതോടെയാണ് തപാല്‍വകുപ്പിനെത്തന്നെ വിതരണം ഏല്‍പ്പിച്ചത്.
ആര്‍.സി., ലൈസന്‍സ് എന്നിവയുടെ അച്ചടി കഴിഞ്ഞ നവംബര്‍ മുതല്‍ നിലച്ചിരിക്കുകയാണ്. ചുമതലയുള്ള കരാര്‍ക്കമ്പനിക്കുള്ള പ്രതിഫലം കോടികളുടെ കുടിശ്ശികയായപ്പോള്‍ അവര്‍ പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു. കുടിശ്ശിക തീര്‍ത്തതിനു പിന്നാലെ അച്ചടിയും വിതരണവും പുനരാരംഭിച്ചു. മാസങ്ങളായി രേഖകള്‍ നല്‍കാത്തതിനാല്‍ വാഹനക്കൈമാറ്റവും മറ്റിടപാടുകളും നിലച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ സെക്കന്‍ഡ് ഹാന്‍ഡ് വിപണിക്കും ഉണര്‍വായി.
കാരറുകാരുടെ കുടിശിക നല്‍കുന്നതിനായി മാര്‍ച്ച് മാസം ഒടുവില്‍ സര്‍ക്കാര്‍ 8.68 കോടി രൂപ അനുവദിച്ചിരുന്നു. ഈ തുക കരാര്‍ കമ്പനിക്ക് കൈമാറിയതോടെ കാര്‍ഡ് അച്ചടി, വിതരണം എന്നിവ ഉടന്‍ പൂര്‍ണതോതില്‍ പുനരാരംഭിക്കുമെന്ന് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ഡിസംബര്‍ മുതലാണ് വിതരണം നിര്‍ത്തിവെച്ചത്. ഇതേസമയത്ത് അച്ചടിയും നിര്‍ത്തിവെച്ചിരുന്നു.
No comments
Post a Comment