മാഹിയിൽ കന്നാസിൽ ഇന്ധനം നൽകുന്നതിൽ നിരോധനം – കാട് വെട്ട് തൊഴിലാളി യന്ത്രവുമായി ഇന്ധനത്തിന് പെട്രോൾ പമ്പിൽ
മാഹിയുൾപ്പെടെ പുതുച്ചേരി സംസ്ഥാനത്ത് ഏപ്രിൽ 19 ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മേഖലയിലെ പെട്രോൾ പമ്പുകളിൽ നിന്ന് കന്നാസുകളിലും, കുപ്പിയിലും ഉപഭോക്താക്കൾക്ക് ഇന്ധനം നൽകുന്നതിൽ വിലക്ക് ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ.സുരക്ഷയുടെ ഭാഗമായാണിത്.
ഇത് കാരണം കാർഷിക ആവശ്യത്തിന് മോട്ടോർ പ്രവർത്തിപ്പിക്കുവാനും, കാട് വെട്ട് തൊഴിലാളികൾക്കും കന്നാസിൽ വിലക്കുറവിൽ പെട്രോൾ കിട്ടാതായി. നിരവധി പേർ മാഹിയിലെ പമ്പുകളിൽ കന്നാസുമായി എത്തുന്നുണ്ടെങ്കിലും ഇന്ധനം നൽകുന്നില്ല. ഇത്തരം ഉപഭോക്താക്കൾ തലശേരി, പാനൂർ പട്ടണത്തിലേക്ക് കന്നാസുമായി ബസിൽ കയറി ലിറ്ററിന് 13 രൂപ അധിക വില കൊടുത്ത് ഇന്ധനം വാങ്ങുവാൻ നിർബന്ധിതരായിരിക്കുകയാണ്.
കൗതുകമായി പെട്രോൾ പമ്പിലേക്ക് ഒരു കാട് വെട്ട് തൊഴിലാളി തൻ്റെ കാട് വെട്ട് യന്തവുമായി നേരിട്ടെത്തി യന്ത്രത്തിൻ്റെ ടാങ്കിൽ പെട്രോൾ നിറച്ച് യന്ത്രം ചുമന്ന് കൊണ്ടു പോയി.
മാഹി മേഖലയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടൻ അതിർത്തി പ്രദേശങ്ങളിൽ താത്ക്കാലിക ചെക്ക് പോസ്റ്റും സ്ഥാപിച്ച് വാഹന പരിശോധന കർശനമാക്കിയിട്ടുണ്ട്. മാഹി ടൗണിൽ പൂഴിത്തല, മാഹിപ്പാലം, പള്ളൂരിൽ ചൊക്ലി ,പാറാൽ, പന്തക്കലിൽ കോപ്പാലം,മാക്കുനി എന്നിവടങ്ങളിലാണ് താത്ക്കാലിക ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുള്ളത്.കേന്ദ്രസേനയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് എത്തിയിട്ടുണ്ട്.
No comments
Post a Comment