വോട്ടിംഗ് മെഷീൻ വേണ്ട, ബാലറ്റ് പേപ്പർ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തണം; സുപ്രിംകോടതിയിൽ സ്ഥാനാർത്ഥിയുടെ ഹർജി
ദില്ലി: ബാലറ്റ് പേപ്പർ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണം എന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി. ഇടക്കാല ഹർജി നൽകിയത് സ്വതന്ത്ര സ്ഥാനാർത്ഥിയായ അഭിഭാഷകൻ മെഹ്മൂദ് പ്രാച്ചയാണ്. രാം പുരിൽ നിന്നാണ് ഇദ്ദേഹം മത്സരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് വോട്ടിംഗ് മെഷീനെതിരെ സുപ്രിംകോടതിയിൽ ഹർജി എത്തിയത്. രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പുകളും ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് നടത്തണമെന്നാണ് ആവശ്യം. ബാലറ്റ് പേപ്പറുകളും ബാലറ്റ് പെട്ടികളും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടമെന്ന് അഭിഭാഷകൻ വാദിക്കുന്നു. അതിനാൽ എല്ലാ തിരഞ്ഞെടുപ്പുകളും പേപ്പർ ബാലറ്റ് ഉപയോഗിച്ച് നടത്തണമെന്ന് മെഹ്മൂദ് പ്രാച്ച അപേക്ഷ നൽകി. പ്രത്യേക സാഹചര്യങ്ങളിൽ തക്കതായ കാരണം ഉള്ളപ്പോള്‍ മാത്രമേ ഇവിഎം ഉപയോഗിക്കാവൂ എന്ന ആവശ്യവും അഭിഭാഷകൻ ഉന്നയിച്ചു. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഒരു കേസിൽ ഇടക്കാല അപേക്ഷയായാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
No comments
Post a Comment