Header Ads

  • Breaking News

    18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പുകയില ഉത്പന്നങ്ങൾ വിറ്റാല്‍ നിയമ നടപടി

    തിരുവനന്തപുരം: നിയമലംഘനം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും .സ്‌കൂളുകള്‍ക്ക് സമീപം നിരോധിത പുകയില ഉത്പന്നങ്ങളുടെയും ലഹരി വസ്തുക്കളുടെയും വില്പന തടയുന്നതിനായി ജില്ലയില്‍ മുഴുവന്‍ വ്യാപക പരിശോധനകള്‍ നടത്തി ശക്തമായ നടപടി എടുക്കാന്‍ തീരുമാനം. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം നിയമ നടപടി സ്വീകരിക്കും. മെയ് 31 ന് ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അസി: കലക്ടര്‍ ഗ്രന്ഥേ സായികൃഷ്ണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല കോ- ഓര്‍ഡിനേഷന്‍ കമ്മറ്റി യോഗത്തിലാണ് തീരുമാനം.

    നിയമലംഘനം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കുവാനും തീരുമാനിച്ചു. പൊലീസ്, എക്‌സൈസ്, ആരോഗ്യ, തദ്ദേശ സ്വയം ഭരണ, വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സംഘമായിരിക്കും പരിശോധനകള്‍ നടത്തുക. ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഇത്തവണത്തെ സന്ദേശം ‘പുകയില കമ്പനികളുടെ ഇടപെടലില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുക’ എന്നതാണ്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നിയമം ഫലപ്രദമായി നടപ്പാക്കുന്നതിനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും കോ- ഓര്‍ഡിനേഷന്‍ കമ്മറ്റി തീരുമാനിച്ചു.

    എല്ലാ സ്‌കൂളുകളിലും കോട്പ നിയമം അനുശാസിക്കുന്ന ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കും. സ്‌കൂള്‍ തുറന്നതിനു ശേഷമുള്ള ആദ്യ അസംബ്ലിയില്‍ പുകയില വിരുദ്ധ പ്രതിജ്ഞ എടുക്കും . കൂടാതെ 31ന് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായുള്ള പ്രതിജ്ഞ ചൊല്ലുന്നതിനുള്ള നിര്‍ദ്ദേശം നല്‍കാനും തീരുമാനിച്ചു

    ടുബാക്കോ ഫ്രീ എജുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്യാമ്പയിന്‍(പുകയില രഹിത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍) ജില്ലയിലെ എല്ലാ ഹൈസ്‌കൂള്‍/ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും നടത്തുന്നതിന് തീരുമാനിച്ചു. പള്ളിക്കുന്ന് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 30 നു ഈ ക്യാമ്പയിനിന് തുടക്കമാകും . മറ്റു പുകയില ഉല്‍പ്പന്നങ്ങള്‍ പോലെ തന്നെ ഇ സിഗരറ്റുകളും(ഇലക്ട്രോണിക് സിഗററ്റുകള്‍) കോട്പ നിയമപ്രകാരം വില്‍പ്പന നിരോധിച്ചിട്ടുള്ളതാണ്. അവയുടെ ഉപയോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്താന്‍ തീരുമാനിച്ചു.

    യോഗത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ കെ. ടി രേഖ, ജില്ല ടി. ബി ഓഫീസര്‍ ഡോ രജ്‌ന ശ്രീധരന്‍, അഡീ : എസ്.പി.പി ബാലകൃഷ്ണന്‍ നായര്‍, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഹയര്‍ സെക്കണ്ടറി എജ്യൂക്കേഷന്‍ എം.കെ അനൂപ് കുമാര്‍,അസി. പി. എഫ്. ഓഫീസര്‍ (വിദ്യാഭ്യാസ വകുപ്പ്) എ.എസ് ബിജേഷ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad