Header Ads

  • Breaking News

    അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളുടെ പരാതികളില്‍ പൊലീസ് ജാഗ്രത പുലര്‍ത്തണം: വനിതാ കമ്മീഷന്‍


    അതീവ ഗുരുതരമായ അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളുടെ പരാതികളില്‍ നിയമം അനുശാസിക്കും വിധം കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് ജാഗ്രത പുലര്‍ത്തണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കണ്ണൂര്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടത്തിയ സിറ്റിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ. ഗുരുതരമായ ശാരീരിക ഉപദ്രവങ്ങളും പരിക്കുകളും ഏല്‍ക്കുന്ന തരത്തിലുള്ള പീഡനങ്ങള്‍ ഉണ്ടാകുകയും വധശ്രമം ഉള്‍പ്പെടെ നടത്തി എന്ന ആരോപണവുമായി പൊലീസിനെ സമീപിക്കുകയാണെങ്കില്‍ കൃത്യമായ അന്വേഷണം നടത്തി ആരോപണം ബോധ്യപ്പെടുന്നപക്ഷം ആ നിലയില്‍ കേസ് എടുക്കണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
    തൊഴിലിടത്തില്‍ പത്തില്‍ കൂടുതല്‍ ജീവനക്കാരോ തൊഴിലാളികളോ സേവനം അനുഷ്ഠിക്കുന്നുണ്ടെങ്കില്‍ ആ സ്ഥാപനത്തില്‍ സ്ത്രീകള്‍ക്കായി ഒരു പരാതി പരിഹാര സംവിധാനം(ഇന്റേണല്‍ കമ്മറ്റി) ഉണ്ടാകണം എന്ന് പോഷ് ആക്ട് അനുശാസിക്കുന്നുണ്ട്. എന്നാല്‍, നിയമം നിലവില്‍ വന്നു പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറവും പല തൊഴില്‍ സ്ഥാപനങ്ങളിലും ഇന്റേണല്‍ കമ്മറ്റി നിലവില്‍ വന്നിട്ടില്ലെന്ന് പരിഗണനയ്ക്കു വരുന്ന പരാതികളില്‍ നിന്നും മനസിലാക്കുവാന്‍ സാധിച്ചെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
    സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ഇന്റേണല്‍ കമ്മറ്റി നിലവിലില്ലെന്നാണ് മനസ്സിലായത്. അതിനാല്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിശീലന കേന്ദ്രങ്ങളിലും ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്നും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉറപ്പു വരുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
    സിറ്റിങില്‍ ഒന്‍പതു പരാതികള്‍ തീര്‍പ്പാക്കി. ഏഴ് പരാതികള്‍ പൊലീസിന്റെ റിപ്പോര്‍ട്ടിന് വേണ്ടി അയച്ചു. മൂന്ന് പരാതികള്‍ ജില്ലാ നിയമ സഹായ അതോറിറ്റിയുടെ സഹായം ലഭിക്കുന്നതിനുവേണ്ടി നല്‍കി. രണ്ടു പരാതികള്‍ ജാഗ്രതാ സമിതിയുടെ റിപ്പോര്‍ട്ടിനായി അയച്ചു. 39 പരാതികള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. ആകെ 60 പരാതികളാണ് പരിഗണിച്ചത്. വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ, അഭിഭാഷകരായ പത്മജ പദ്മനാഭന്‍, കെ.പി. ഷിമ്മി, കൗണ്‍സലര്‍ മാനസ ബാബു, പൊലീസ് ഉദ്യോഗസ്ഥരായ നിഷ, എം.കെ. ലീനിഷ എന്നിവര്‍ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad