Header Ads

  • Breaking News

    ടേക്ക് ഓഫിനിടെ എയര്‍ഇന്ത്യ വിമാനം അപകടത്തിൽ പെട്ടു; ടഗ് ട്രക്കുമായി കൂട്ടിയിടിച്ചു, യാത്രക്കാരെ ഇറക്കി



    ദില്ലി: പൂനെ വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് തയാറെടുക്കുന്നതിനെ എയര്‍ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടു. എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ ടഗ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെയാണ് സംഭവം. ദില്ലിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍ പെട്ടതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

    180 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ വിമാനത്തിന്‍റെ മുന്‍ ഭാഗത്തും ലാന്‍ഡിങ് ഗിയറിന് സമീപമുള്ള ടയറിനും കേടുപാടുകള്‍ സംഭവിച്ചു. അതേസമയം, അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് എയർപോർട്ട് ഉദ്യോഗസ്ഥൻ അറിയിച്ചു. കൂട്ടിയിടി ഉണ്ടായെങ്കിലും വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തെ തുടർന്ന്, അടിയന്തരമായി സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കിയെന്നും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കിയെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. 

    യാത്രക്കാരെ ഉടൻ തന്നെ ഇറക്കി ദില്ലിയിലേക്കുള്ള മറ്റൊരു വിമാനത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തു. കൂട്ടിയിടിയുടെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും ഡിജിസിഎ അറിയിച്ചു. വിമാനം നിലത്ത് ചലിപ്പിക്കാൻ ഉപയോഗിച്ച ടഗ് ട്രക്ക് വിമാനത്തിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. എന്താണ് അപകട കാരണമെന്ന് അന്വേഷിക്കുമെന്ന് ഡിജിസിഎ അറിയിച്ചു. അതേസമയം, വിമാനത്താവളത്തിൽ റൺവേയുടെ പ്രവർത്തനം പുന:രാരംഭിച്ചു. അപകടത്തില്‍ പെട്ട വിമാനം അറ്റകുറ്റപണികള്‍ക്ക് ശേഷം സര്‍വീസ് നടത്താന്‍ യോഗ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. 

    No comments

    Post Top Ad

    Post Bottom Ad