പേരാവൂരിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ കൊതുക്-കൂത്താടികൾ
പേരാവൂർ: കൊതുകുജന്യ രോഗങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിലും കുടിവെള്ള വിതരണത്തിൽ നിസംഗത തുടർന്ന് പേരാവൂരിലെ ആരോഗ്യവകുപ്പും ജലവിതരണ വകുപ്പും. ടൗണിൽ കേരള വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തിലാണ് ഞായറാഴ്ച രാവിലെ കൊതുക്-കൂത്താടികൾ കാണപ്പെട്ടത്.
ടൗണിലെ മിൽക്ക് ബൂത്തിൽ രാവിലെ പൈപ്പ് തുറന്നപ്പോഴാണ് വെള്ളം സംഭരിക്കുന്ന പ്ലാസ്റ്റിക്ക് ടാബിൽ ജീവനുള്ള കൂത്താടികളെ കണ്ടത്. സംശയം തോന്നിയ സ്ഥാപനയുടമ വെള്ളം മുഴുവൻ ഒഴുക്കി കളഞ്ഞ ശേഷം വീണ്ടും ടാപ്പ് തുറന്നപ്പോഴും കൂത്താടികൾ പ്ലാസ്റ്റിക്ക് ടാബിലേക്ക് വീഴുകയായിരുന്നു. ഇതേത്തുടർന്ന് വെള്ളം ശേഖരിക്കുന്നത് നിർത്തിവെച്ചു. ജലസംഭരണിയിൽ കൊതുകുകൾ പെറ്റുപെരുകുന്നതാണ് വിതരണം ചെയ്യുന്ന വെള്ളത്തിൽ കൂത്താടികൾ കാണപ്പെടാൻ കാരണം. ഇത് പേരാവൂരിലെ ആരോഗ്യ വകുപ്പിന്റെ അനാസ്ഥയാണെന്നാണ് ആക്ഷേപം.
ജലസംഭരണി ശുചിയായി സൂക്ഷിക്കാത്തതാണ് കൊതുകുകൾ പെറ്റുപെരുകാൻ കാരണമാവുന്നത്. പേരാവൂർ ചെവിടിക്കുന്നിലാണ് വാട്ടർ അതോറിറ്റിയുടെ ജലസംഭരണിയുള്ളത്. ഇതിലേക്ക് വെള്ളം ശേഖരിക്കുന്നത് കാഞ്ഞിരപ്പുഴയിൽ നിന്നുമാണ്. കുടിവെള്ള വിതരണം ചെയ്യുന്ന സ്ഥലം യഥാസമയം ആരോഗ്യവകുപ്പധികൃതർ സന്ദർശിക്കാറില്ലെന്നും പരാതിയുണ്ട്.
No comments
Post a Comment