പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലുമുള്ള പരസ്യബോഡുകൾ ; സ്ഥാപിക്കാനും നീക്കം ചെയ്യാനും ചട്ടങ്ങളുണ്ടെങ്കിലും നടപ്പാക്കുന്നില്ല
തിരുവനന്തപുരം :- പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലുമുള്ള പരസ്യബോഡുകൾ സ്ഥാപിക്കാനും നീക്കം ചെയ്യാനും ചട്ടങ്ങളുണ്ടെങ്കിലും അവ സംസ്ഥാനത്തൊരിടത്തും ഫലപ്രദമായി നടപ്പാകുന്നില്ല. ഇത്തരം ബോർഡുകൾ പലപ്പോഴും ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കാനും അപകടങ്ങൾക്കും ഇടയാക്കാറുണ്ട്. പാതയോരങ്ങളിലെ അനധികൃത ബോർഡുകൾക്കെതിരേ ഹൈക്കോടതി ഇടപ്പെട്ടിട്ടുപോലും നടപടിയുണ്ടാകുന്നില്ല.
പ്രധാന ചട്ടങ്ങൾ
• അപകടമുണ്ടായാൽ നഷ്ടപരിഹാരം നൽകേണ്ടത് ബോർഡ് സ്ഥാപിക്കുന്നവർ. ഇക്കാര്യം 200 രൂപയുടെ മുദ്രപത്രത്തിൽ സത്യവാങ്മൂലമായി നൽകണം. വീഴ്ച വരുത്തിയാൽ ലൈസൻസും പെർമിറ്റും റദ്ദാക്കുമെന്ന് 2023 മാർച്ചിലെ ഉത്തരവ്.
• ഹൈക്കോടതി നിർദേശപ്രകാരം പെർമിറ്റും ലൈസൻസും നിർബന്ധം. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ക്യു.ആർ കോഡും തദ്ദേശസ്ഥാപനങ്ങളുടെ അനുമതി നമ്പറും ബോർഡിൽ പ്രദർശിപ്പിക്കണം.
•പരിപാടികളുടെ ബാനറുകളും ബോർഡും പരിപാടി കഴിഞ്ഞ് അടുത്ത ദിവസവും തീയതി വെക്കാത്തവ പരമാവധി 30 ദിവസമായി കാലാവധി കണക്കാക്കി തുടർന്ന് ഏഴു ദിവസത്തിനകവും നീക്കണം. ഇല്ലെങ്കിൽ ചതുരശ്രമീറ്ററിന് 20 രൂപ പിഴ. ചട്ടപ്രകാരമല്ലാത്തവ 30 ദിവസത്തിനകം തദ്ദേശസ്ഥാപനം നീക്കും. പരാതി അറിയിക്കാൻ തദ്ദേശസ്ഥാപനങ്ങളിലും ജില്ലാ ശുചിത്വമിഷനിലും സെൽ നിർബന്ധം.
• അപേക്ഷയൊപ്പം ബോർഡ് സ്ഥാപിക്കുന്ന സ്ഥലത്തിന്റെ ഉടമയുടെ സമ്മതപത്രം, ലൊക്കേഷൻ പ്ലാൻ, പരസ്യത്തിൻ്റെ വിസ്തീർണം, കരാർ, സ്ട്രക്‌ചറൽ സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, സ്ഥാപിക്കുന്ന കാലയളവ് തുടങ്ങിയവ വേണം.
No comments
Post a Comment