ഏപ്രിലിൽ കണ്ണൂർ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ വർധന
മട്ടന്നൂർ :- ഏപ്രിലിൽ കണ്ണൂർ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ ചെറിയ വർധന. 1,00,271 യാത്രക്കാരാണ് കഴിഞ്ഞ മാസം കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തത്. മാർച്ചിനെക്കാൾ 4383 യാത്രക്കാരുടെ വർധനയുണ്ടായി. 66,823 അന്താരാഷ്ട്ര യാത്രക്കാരും 33,448 ആഭ്യന്തര യാത്രക്കാരുമാണ് ഏപ്രിലിൽ കണ്ണൂർ വിമാനത്താവളത്തിലുള്ളത്. മാർച്ചിൽ 95,888 യാത്രക്കാരാണ് ആകെ ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഏപ്രിലിൽ ഉണ്ടായിരുന്നതിനേക്കാൾ 16,939 യാത്രക്കാർ ഇത്തവണ കുറവാണ്. 2023 ഏപ്രിലിൽ 1,17,310 യാത്രക്കാരാണ് കണ്ണൂർ വഴി യാത്ര ചെയ്തത്. കഴിഞ്ഞ മേയിൽ ഗോഫസ്റ്റ് സർവീസുകൾ അവസാനിപ്പിച്ചതോടെയാണ് യാത്രക്കാരുടെയും സർവീസുകളുടെയും എണ്ണം കുത്തനെ കുറഞ്ഞത്
ഈ മാസം റസൽഖൈമ, ദമാം എന്നിവിടങ്ങളിലേക്ക് പുതിയ സർവീസുകളും അബുദാബി, മസ്‌കറ്റ് എന്നിവിടങ്ങളിലേക്ക് അധിക സർവീസുകളും തുടങ്ങിയിരുന്നു. എന്നാൽ എയർ ഇന്ത്യ എക്സ‌്പ്രസിലെ ജീവനക്കാരുടെ സമരത്തെ തുടർന്ന് സർവീസുകൾ വ്യാപകമായി റദ്ദാക്കിയതോടെ യാത്രക്കാരുടെ എണ്ണം കുറയാൻ സാധ്യതയുണ്ട്. അടുത്തയാഴ്ച കണ്ണൂർ-മസ്‌കറ്റ് സെക്ടറിലെ ഏതാനും സർവീസുകളും റദ്ദാക്കിയിരിക്കുകയാണ്. ജൂൺ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് തീയതികളിലെ മസ്‌കറ്റിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയിട്ടുള്ളത്
No comments
Post a Comment