നഴ്‌സിങ് കഴിഞ്ഞ് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം ആവശ്യമില്ല; കേരളത്തിന്റെ തീരുമാനം ശരിവെച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീം കോടതി. കേരളത്തില്‍ പഠിക്കുന്നവര്‍ക്ക് ഒരു വര്‍ഷം നിര്‍ബന്ധിത പരിശീലനം ഒഴിവാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതി ശരിവെച്ചു. നാലുവര്‍ഷത്തെ പഠനത്തിനിടെ ആറുമാസം പരിശീലനം ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. നിര്‍ബന്ധിത പരിശീലനം പുനസ്ഥാപിക്കണമെന്ന സ്വകാര്യ ആശുപത്രികളുടെ ഹരജി കോടതി തള്ളുകയും ചെയ്തു.
2011ലാണ് സംസ്ഥാന സര്‍ക്കാര്‍ നഴ്‌സിങ് കഴിഞ്ഞുള്ള ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലന വ്യവസ്ഥ തിരുത്തിയത്. നാലു വര്‍ഷത്തെ കോഴ്‌സിന് ശേഷം ഒരു വര്‍ഷത്തെ പരിശീലന കാലയളവ് കൂടി പരിഗണിക്കുമ്പോള്‍ നഴ്‌സിങ് കഴിയാന്‍ അഞ്ച് വര്‍ഷമെടുക്കും. ഇത് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തൊഴില്‍ അവസരങ്ങള്‍ വൈകാന്‍ കാരണമാകുമെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍ബന്ധിത പരിശീലനം റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
പിന്നാലെ തീരുമാനം പുനപരിശോധക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ സംഘടന സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പഠിച്ചിറങ്ങുന്നവരെ നേരിട്ട് ജോലിക്കെടുത്താലുണ്ടാകുന്ന പ്രശ്‌നങ്ങളും
പി.എഫ് ഉള്‍പ്പെടെ അടക്കേണ്ടി വരുന്നതുമാണ് സ്വകാര്യ ആശുപത്രികള്‍ ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ നാലുവര്‍ഷത്തെ പഠനത്തില്‍ ആറുമാസം പരിശീലന കാലയളവാണെന്ന് ജസ്റ്റിസ് ബി.ആര്‍ ഗവായ്, സന്ദിപ് മെഹ്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഇതിന് ശേഷം വീണ്ടും ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനത്തിന്റെ ആവശ്യമില്ലെന്നും നേരിട്ട് ജോലിക്ക് കയറാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
No comments
Post a Comment