സംവിധായകൻ ബിജു വട്ടപ്പാറ അന്തരിച്ചു
സംവിധായകനും തിരക്കഥാകൃത്തുമായ ഒക്കൽ വട്ടപ്പാറ വീട്ടിൽ ബിജു വട്ടപ്പാറ (54) അന്തരിച്ചു. തിങ്കൾ വൈകിട്ട് 4.40ന് മൂവാറ്റുപുഴയിൽവച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ താലുക്കാസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം പിന്നീട്.
2010ല്‍ പുറത്തിറങ്ങിയ സ്വന്തം ഭാര്യ സിന്ദാബാദ്, രാമ രാവണൻ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു. ലോകനാഥൻ ഐ.എ.എസ്, കനകസിംഹാസനം, കളഭം, മൈഡിയർ മമ്മി തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്. ആഴ്ചപ്പതിപ്പുകളിൽ നോവലുകൾ എഴുതിയിട്ടുണ്ട്.
ചക്കരവാവ, വെളുത്ത കത്രീന തുടങ്ങിയ നോവലുകൾ സീരിയലാക്കി. ഇടവഴിയും തുമ്പപ്പൂവും എന്ന കവിതാ സമാഹാരത്തിന് കടവനാട് കുട്ടികൃഷ്ണൻ സാഹിത്യ പുരസ്കാരം ലഭിച്ചു. ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിട്ടുണ്ട്. കമല സുരയ്യയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
മാധവിക്കുട്ടിയുടെ മനോമി എന്ന നോവലാണ് രാമ രാവണൻ എന്ന പേരിൽ സിനിമയാക്കിയത്. കേരള ഗ്രന്ഥശാല സംസ്ഥാന കൗൺസിൽ അംഗം, ബാലസംഘം ജില്ലാ സെക്രട്ടറി, സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അച്ഛൻ: രവീന്ദ്രൻ. അമ്മ: പരേതയായ തങ്കമണി. മകൾ: ദേവനന്ദന.
No comments
Post a Comment