Header Ads

  • Breaking News

    കേരളത്തിലെ ആദ്യത്തെ ഭൂഗർഭ റെയിൽപാത തിരുവനന്തപുരത്ത്

    കേരളത്തിലെ ആദ്യത്തെ ഭൂഗർഭ റെയിൽ പാതയ്ക്ക് കേന്ദ്രസർക്കാരിന്റെ അനുമതി ഉടൻ ലഭിച്ചേക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഭാഗമായാണ് ഭൂഗർഭ റെയിൽപാത നിർമിക്കുന്നത്. 1,200 കോടി രൂപയാണ് പദ്ധതിക്കായി ചെലവ് പ്രതീക്ഷിക്കുന്നത്. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.

    പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതികൂടി ആവശ്യമാണ്. കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി കഴിഞ്ഞമാസം പദ്ധതി പ്രദേശം സന്ദർശിക്കുകയും യോഗം ചേരുകയും ചെയ്തിരുന്നു. ഇവരുടെ റിപ്പോർട്ട് കിട്ടിയാലുടൻ അനുമതി സംബന്ധിച്ച കാര്യത്തിൽ അന്തിമതീരുമാനം വരുമെന്നാണ് കരുതുന്നത്.

    വിഴിഞ്ഞം തുറമുഖത്തു നിന്ന് ബാലരാമപുരം വരെയുള്ള 10.7 കിലോമീറ്റർ ദൂരത്തിലാണ് ഭൂഗർഭ റെയിൽപാത വരുന്നത്. ഇതിൽ ഭൂരിഭാഗം സ്ഥലങ്ങളിലും പാത കടന്നുപോകുന്നത് തുരങ്കത്തിനുള്ളിലൂടെയാണ്. ആകെ ദൂരത്തിൽ 9 കിലോമീറ്ററും ഭൂമിക്കടിയിലൂടെയാകും കടന്നുപോകുക. പദ്ധതിച്ചെലവ് കൂടാനുള്ള കാരണവും ഇതാണ്. വിഴിഞ്ഞം ഭാഗത്ത് തൂണുകൾക്ക് മുകളിലൂടെയാകും പാത നിർമാണം. ജനങ്ങളെ കാര്യമായി ബാധിക്കാതിരിക്കാനാണ് പുതിയ രീതിയിൽ പാത നിർമിക്കുന്നത്.

    വിഴിഞ്ഞത്ത് നിന്നും തുടങ്ങി മുടവൂർപ്പാറയിൽ എത്തി നേമത്തേക്കും നെയ്യാറ്റിൻകരയിലേക്കും തിരിയുന്ന രീതിയിലാണ് പാതയുടെ രൂപരേഖ. പദ്ധതിയുടെ നിർമാണച്ചുമതല കൊങ്കൺ റെയിൽവേ കോർപറേഷനാണ്. നാലു വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പാത നിർമാണം പൂർത്തിയാകുന്നതോടെ ബാലരാമപുരം ഉൾപ്പെടെയുള്ള പ്രദേശങ്ങളുടെ വികസനം മറ്റൊരു തലത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിവേഗം പണിപൂർത്തിയാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്കായി അഞ്ച് ഹെക്ടറോളം സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നാണ് ഔദ്യോഗീക വിശദീകരണം. റെയിൽപാത നിർമാണത്തിനായി കേന്ദ്രസഹായവും ഉണ്ടാകും.

    പദ്ധതിയുടെ സ്ഥലമേറ്റെടുക്കാൻ 200 കോടി രൂപ ചെലവു വരുമെന്നാണ് കണക്കുകൂട്ടൽ. 30 മീറ്ററോളം ആഴത്തിലാകും പാത വരിക. ബാലരാമപുരം റെയിൽവേ സ്റ്റേഷൻ നിലവിലുള്ളിടത്ത് നിന്ന് മാറ്റിസ്ഥാപിച്ച് സിഗ്‌നലിംഗ് സ്‌റ്റേഷനാക്കും. 70 കണ്ടെയ്നറുകൾ വരെ കയറ്റാവുന്ന റേക്കുകളായിരിക്കും സർവീസ് നടത്തുക.

    No comments

    Post Top Ad

    Post Bottom Ad