Header Ads

  • Breaking News

    രാജസ്ഥാന്റെയും ഹൈദരാബാദിന്റെയും കരുത്തും ദൗര്‍ബല്യവും




    ഐ.പി.എല്‍ രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദും രാജസ്ഥാന്‍ റോയല്‍സും ഇന്ന് ഏഴരക്ക് ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ഏറ്റുമുട്ടാന്‍ മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. നഷ്ടങ്ങളേറെ ഉണ്ടായെങ്കിലും നിര്‍ണായക മത്സരങ്ങളില്‍ കരുത്ത് കാട്ടിയാണ് രണ്ടുടീമുകളും അവസാന കളിയിലേക്കുള്ള പടിവാതിലില്‍ നില്‍ക്കുന്നത്. ശരിക്കും ബാറ്റര്‍മാരും ബോളര്‍മാരും തമ്മിലുള്ളതായിരിക്കും ഇന്നത്തെ മത്സരമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. അതായത് ബാറ്റര്‍മാരുടെ കരുത്തില്‍ എത്തിയ ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. സഞ്ജുവിന്റെ രാജസ്ഥാന്‍ ആകട്ടെ ബോളര്‍മാരുടെ കരുത്തിലും മുന്നേറി വന്നവരാണ്. ഐപിഎല്ലിന്റെ ആദ്യ മത്സരങ്ങളില്‍ തുടര്‍ച്ചയായി ജയം കണ്ടെത്തിയ രാജസ്ഥാന്‍ റോയല്‍സ് ക്വാളിഫയറിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് നടന്ന ഏതാനും മത്സരങ്ങളില്‍ പരാജയമറിഞ്ഞിരുന്നു. അതിനാല്‍ തന്നെ ജയിച്ച മത്സരങ്ങളെക്കാളും സജ്ഞുവിനും കൂട്ടര്‍ക്കും പാഠമായിരിക്കുക തോറ്റ മത്സരങ്ങള്‍ ആയിരിക്കും. ടീമില്‍ നിന്ന് ജോസ് ബട്‌ലര്‍ മടങ്ങിയതോടെ ബാറ്റിംഗ്‌നിര ശരിക്കും താളം തെറ്റി. എന്നാല്‍ ജയിക്കാന്‍ ആകില്ല എന്നു തോന്നിയ മത്സരങ്ങള്‍ പോലും ബോളര്‍മാരുടെ കരുത്തിലാണ് കൈപ്പിടിയില്‍ ഒതുക്കിയത്. അത്തരമൊന്നായിരുന്നു ഒന്നാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവുമായുള്ള മത്സരം. ബംഗളൂരുവിന്റെ ബാറ്റര്‍മാരെ ഓരോന്നായി അരിഞ്ഞ് വീഴ്ത്തിയത് ആര്‍. അശ്വിന്‍, യൂസ് വേന്ദ്ര ചാഹല്‍ എന്നീ സ്പിന്നര്‍മാരും കരുത്തനായ ട്രെന്‍ഡ് ബോള്‍ട്ടും ചേര്‍ന്നായിരുന്നു. ഈ ബോളര്‍മാര്‍ ടീമിന് നല്‍കുന്ന ആത്മവിശ്വാസം കുറച്ചൊന്നുമല്ല. പവര്‍ പ്ലേയില്‍ ബോള്‍ട്ടിന് വിക്കറ്റ് ലഭിച്ചിരിക്കും എന്ന പ്രതീക്ഷ ടീം അംഗങ്ങള്‍ക്കുണ്ട്. ബാറ്റിങ്ങില്‍ ചിയാന്‍ പരാഗ്, ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ എന്നിവരുടെ പ്രകടനം മികച്ചതായാല്‍ വിജയം രാജസ്ഥാന്റെ കൂടെ നില്‍ക്കുമെന്ന കാര്യം ഉറപ്പാണ്. പരാഗിനും സഞ്ജുവിനും പിഴച്ചാല്‍ പിന്നാലെ വരുന്ന ഷിമോറോണ്‍ ഹെറ്റ്‌മെയറും റോവ്മന്‍ പവലും കാര്യങ്ങള്‍ നോക്കിക്കൊള്ളും. ബംഗളൂരുവുമായുള്ള മത്സരത്തില്‍ ഇത് സംശയമേതുമില്ലാതെ തെളിയിച്ചതാണ് അവര്‍. അവസാന ഓവറിലേക്ക് കാത്തു നില്‍ക്കാതെ സെക്കന്റ് ലാസ്റ്റ് ഓവറിലെ അവസാന പന്തിനെ ഗ്രൗണ്ട് തൊടാതെ പറത്തിയാണ് പവല്‍ വിജയം ബംഗളുരുവില്‍ നിന്ന് പിടിച്ചു വാങ്ങിയത്.  അതേസമയം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കരുത്ത് അവരുടെ പവര്‍ഹിറ്റേഴ്‌സ് ആയ ബാറ്റര്‍മാരിലാണ്. ഓപ്പണിംഗ് നിരയായ പ്രാവശ്യം ട്രാവിസ്‌ഹെഡ്, അഭിഷേക് ശര്‍മ കൂട്ടുകെട്ടിന് നിലയുറപ്പിക്കാനായാല്‍ എത്ര വലിയ സ്‌കോര്‍ പടുത്തുയര്‍ത്താനും ഏത് സ്‌കോറിനെ പിന്തുടരാനും അവര്‍ക്ക് കഴിഞ്ഞേക്കാം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ആദ്യം ബാറ്റിംഗ് ലഭിക്കുന്ന പക്ഷം ഓപ്പണിങ് തകര്‍ന്നാലും പിന്നാലെ വരുന്ന ക്ലാസണ്‍, നിതീഷ് റെഡ്ഡി, രാഹുല്‍ ത്രിപാഠി എന്നിവര്‍ തിളങ്ങാന്‍ ആണ് സാധ്യത. അങ്ങനെ സംഭവിച്ചാല്‍ സ്‌കോര്‍ 200 കടക്കുമെന്നതില്‍ സംശയമില്ല. തുടക്കം പിഴച്ചാല്‍ ടീമിനെ വീണ്ടെടുക്കാന്‍ കഴിയുന്ന തരത്തില്‍ ഉള്ള ഒരു മധ്യനിര ഹൈദരാബാദില്‍ ഇല്ല. ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍ എന്നീ ബോളർമാർക്ക് എതിര്‍ ടീമിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.

    No comments

    Post Top Ad

    Post Bottom Ad