ശസ്ത്രക്രിയ പിഴവ് : കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നാലുവയസുകാരിക്ക് കൈയിലെ ആറാം വിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയതായി പരാതി. ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ നാലു വയസുകാരിക്ക് നടത്തിയ ശസ്ത്രക്രിയയാണ് മാറിപ്പോയത്. സംഭവത്തില്‍ ഡോക്ടര്‍ മാപ്പുപറഞ്ഞതായും പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്തതായും കുടുംബം പ്രതികരിച്ചു.
ഇന്ന് രാവിലെയാണ് സംഭവം. കൈയിലെ ആറാം വിരല്‍ നീക്കം ചെയ്യുന്നതിനാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്നത്. ഒന്‍പത് മണിക്ക് ശസ്ത്രക്രിയയ്ക്ക് കയറ്റി. ശസ്ത്രക്രിയ കഴിഞ്ഞ് പുറത്തുവരുമ്പോള്‍ വായില്‍ പഞ്ഞി വെച്ച നിലയിലായിരുന്നു എന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ആദ്യം വിചാരിച്ചത് വേദന കൊണ്ട് വായില്‍ പഞ്ഞി വെച്ചതാകാം എന്നാണ്. എന്നാല്‍ കൈയില്‍ നോക്കിയപ്പോള്‍ ആറാം വിരല്‍ അതേ പോലെ തന്നെ കണ്ടു. ഇക്കാര്യം നഴ്‌സുമാരോട് ചോദിച്ചപ്പോള്‍ നാവില്‍ ശസ്ത്രക്രിയ നടത്തിയല്ലോ എന്നായിരുന്നു പ്രതികരണം. ആറാം വിരല്‍ നീക്കാനാണ് ശസ്ത്രക്രിയയ്ക്ക് എത്തിയതെന്നും കുട്ടിക്ക് സംസാരിക്കാന്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നും പറഞ്ഞ് ബന്ധുക്കള്‍ പ്രതിഷേധിച്ചു.
ഉടന്‍ സ്ഥലത്തെത്തിയ ഡോക്ടര്‍ ശസ്ത്രകിയാ പിഴവിന് മാപ്പ് പറഞ്ഞതായും ബന്ധുക്കള്‍ പറയുന്നു. കൂടാതെ കുട്ടിയുടെ തൊണ്ടയില്‍ ഒരു കെട്ട് ഉണ്ടായിരുന്നു എന്നും അത് നീക്കം ചെയ്തതായും ഡോക്ടര്‍ വിശദീകരിച്ചു. എന്നാല്‍ കുട്ടിക്ക് സംസാരിക്കാന്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നും ആറാം വിരല്‍ നീക്കം ചെയ്യാനാണ് വന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് വീണ്ടും ഓപ്പറേഷന്‍ തിയറ്ററില്‍ കയറ്റി കുട്ടിയുടെ ആറാം വിരല്‍ നീക്കം ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിയെ വാര്‍ഡിലേക്ക് മാറ്റി.
No comments
Post a Comment