Header Ads

  • Breaking News

    മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കൾ ആസൂത്രിതമായി തട്ടിപ്പ് നടത്തിയെന്ന് പൊലീസ് റിപ്പോർട്ട്


    സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കൾക്കെതിരെ പൊലീസിൻ്റെ അന്വേഷണ റിപ്പോർട്ട്. നിർമാതാക്കൾ നടത്തിയത് മുൻധാരണ പ്രകാരമുള്ള ചതിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

    ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചു. 22 കോടി രൂപ സിനിമക്കായി ചെലവായെന്ന നിർമാതാക്കളുടെ വാദം കള്ളമാണ്. 18.65 കോടി രൂപ മാത്രമാണ് നിർമാണ ചെലവ്. സിനിമക്കായി നിർമാതാക്കൾ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വാങ്ങിയ പണത്തിൻ്റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ല. ചതിക്കാൻ മുൻകൂട്ടി പദ്ധതി ഉണ്ടായിരുന്നു എന്നാണ് ഇതിനർത്ഥം എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതിയിലാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്.

    നേരത്തെ ഹൈക്കോടതി മഞ്ഞുമ്മൽ ബോയ്സ് സിനിമാ നിർമാതാക്കൾക്കെതിരായ വഞ്ചനാക്കേസ് നടപടികൾക്ക് സ്റ്റേ ചെയ്തിരുന്നു. ഒരു മാസത്തേക്കാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. പറവ ഫിലിംസിൻ്റെ പങ്കാളികളിലൊരാളായ ബാബു ഷെഹീർ നൽകിയ ഹർജിയിലായിരുന്നു കോടതി നടപടി.

    നിർമാതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഷോൺ ആൻ്റണി, സൗബിൻ ഷാഹിർ,ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് മരട് പൊലീസ് കേസെടുത്തത്. സിനിമയ്ക്കായി ഏഴ് കോടി മുടക്കി ലാഭ വിഹിതം വാഗ്ദാനം ചെയ്ത് പറ്റിച്ചെന്നാണ് കേസ്. മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ എറണാകുളം സബ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ചിത്രത്തിൻ്റെ നിർമാണ കമ്പനിയായ പറവ ഫിലിംസിൻറെയും പാർട്ണർ ഷോൺ ആൻ്റണിയുടെയും 40 കോടിരൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിച്ചത്.

    ചിത്രത്തിൻ്റെ നിർമാണത്തിന് ഏഴു കോടി രൂപ മുതൽമുടക്കിയ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹർജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തു നിർമാതകൾ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചെന്നാണ് ഹരജി.

    ആഗോള തലത്തിൽ ഇതുവരെ 220 കോടി രൂപ ചിത്രം കലക്ഷൻ നേടിയിട്ടുണ്ടെന്നും ഒ.ടി.ടി പ്ലാറ്റ്‍ഫോമുകൾ മുഖേനയും ചിത്രം 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു. നിർമ്മാതാക്കൾ യാതൊരു തുകയും ചെലവാക്കിയിട്ടില്ലെന്നും 22 കോടി രൂപ ചെലവ് വരുമെന്ന് പറഞ്ഞാണ് ഏഴു കോടി രൂപ വാങ്ങിയതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

    ഏഴ് കോടി രൂപയാണ് പരാതിക്കാരനായ സിറാജ് സിനിമയ്ക്കായി നിക്ഷേപിച്ചത്. സിനിമയ്ക്കായി നിർമ്മാതാക്കൾ ഒരു രൂപ പോലും മുടക്കിയിട്ടില്ല. വാങ്ങിയ പണത്തിൻ്റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ലെന്നും പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

    പരാതിക്കാരൻ്റെ മൊഴി രേഖപ്പെടുത്തിയ ശേഷം ബന്ധപ്പെട്ട ബാങ്ക് രേഖകൾ പൊലീസ് ശേഖരിക്കുകയും ഇതിൽ നിന്നുമാണ് പറവ ഫിലിംസ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായത്. 40 ശതമാനം ലാഭവിഹിതമാണ് പരാതിക്കാരന് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ സിനിമ ബോക്ക് ബസ്റ്റർ ഹിറ്റായിട്ടും ഒരു രൂപ പോലും നൽകിയില്ല. ഇക്കാര്യം ബാങ്ക് രേഖകളിൽ നിന്ന് വ്യക്തമായി. പറവ ഫിലിം കമ്പനി നടത്തിയത് കരുതിക്കൂട്ടിയുള്ള ചതിയാണെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഏതാണ്ട് 47 കോടിയുടെ നഷ്ടമുണ്ടായെന്നാണു സിറാജിൻ്റെ ആരോപണം.

    No comments

    Post Top Ad

    Post Bottom Ad