കുവൈത്ത് തീപിടിത്തം; മരിച്ചവരിൽ 14 മലയാളികൾ
കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാംപിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 14 ആയി. ഇന്നലെയുണ്ടായ ദുരന്തത്തിൽ 49 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അവരിൽ 40 ഇന്ത്യക്കാരാണുള്ളത്. ഇവരിൽ 14 പേർ മലയാളികളാണ്. മരിച്ച 13 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കാസർകോട് സ്വദേശികളാണ് മരിച്ചത്.
ഷമീർ, ലൂക്കോസ് സാബു, സാജൻ ജോർജ് എന്നിവരാണ് മരിച്ച കൊല്ലം സ്വദേശികൾ. മുരളീധരൻ, ആകാശ് ശശിധരൻ, സജു വർഗീസ്, തോമസ് സി ഉമ്മൻ എന്നിവർ പത്തനംതിട്ട സ്വദേശികളാണ്. കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു, മലപ്പുറം തിരൂർ സ്വദേശി നൂഹ്, ശ്രീഹരി പ്രദീപ്, കേളു പൊന്മലേരി, കാസർകോട് ചെർക്കള കുണ്ടടക്കം സ്വദേശി രജ്ഞിത് എന്നിവരുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
മരിച്ചവരിൽ ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശിയുമെന്ന് സ്ഥിരീകരണം പുറത്തുവരുന്നുണ്ട്. ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് -ദീപ ദമ്പതികളുടെ മകൻ ശ്രീഹരി പ്രദീപ് (27) ആണ് മരിച്ചത്. കഴിഞ്ഞ ജൂൺ 5നാണ് ശ്രീഹരി ജോലിക്കായി കുവൈറ്റിൽ എത്തിച്ചേർന്നത്. ഇയാളുടെ അച്ഛനും കുവൈറ്റിൽ ജോലി ചെയ്തുവരുകയാണ്. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയാണ് ശ്രീഹരി.
5 ആശുപത്രികളിലായിട്ടാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയിലുള്ള 9 പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. കുവൈത്ത് ദുരന്തം ചർച്ച ചെയ്യാൻ സംസ്ഥാനത്ത് ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ യോഗത്തിൽ ചർച്ചയാകും.
കേരളത്തെ കൂടി സഹകരിപ്പിച്ചുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് കേന്ദ്രം ചെയ്യുന്നതെന്നും അപകടത്തിൽ പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് പരമാവധി സഹായമെത്തിക്കുമെന്നും കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ അറിയിച്ചു. മൃതദേഹങ്ങള്‍ വേഗം നാട്ടിലെത്തിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും ജോര്‍ജ് കുര്യന്‍ അറിയിച്ചു. പരിക്കേറ്റവരുടെ പുനരധിവാസത്തിനും സർക്കാർ ഇടപെടും. മൃതദേഹങ്ങൾ കഴിവതും വേഗം നാട്ടിലെത്തിക്കുമെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.
No comments
Post a Comment