Header Ads

  • Breaking News

    ഓപ്പറേഷന്‍ ലൈഫ്: 2 ദിവസം, 1993 പരിശോധനകള്‍, 90 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു: മന്ത്രി വീണാ ജോർജ്.



    ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി രണ്ട് ദിവസത്തെ സ്‌പെഷ്യല്‍ ഡ്രൈവില്‍ സംസ്ഥാന വ്യാപകമായി 1993 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കടകളില്‍ ലഭ്യമാകുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് മെയ് മുതല്‍ ജൂലൈ വരെ നീണ്ടു നില്‍ക്കുന്ന ഓപ്പറേഷന്‍ മണ്‍സൂണിന്റെ ഭാഗമായി ഈ ഡ്രൈവ് നടത്തിയത്.ഭക്ഷ്യ സുരക്ഷാ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 90 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. 315 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസുകളും 262 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസുകളും നല്‍കി. 22 ഇംപ്രൂവ്‌മെന്റ് നോട്ടീസുകളും രണ്ട് ദിവസത്തെ പരിശോധനകളില്‍ നല്‍കി. ഏഴ് സ്ഥാപനങ്ങള്‍ക്കെതിരെ അഡ്ജ്യൂഡികേഷന്‍ നടപടികളും ആരംഭിച്ചു.ഹോട്ടല്‍, റസ്റ്റോറന്റ് എന്നിവയ്ക്ക് പുറമെ ഭക്ഷണ നിര്‍മ്മാണവും വിതരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളും ഓപ്പറേഷന്‍ മണ്‍സൂണിന്റെ ഭാഗമായി പരിശോധനകള്‍ നടത്തുന്നതാണ്. മഴക്കാലത്ത് കടകള്‍ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കടുത്ത നടപടി സ്വീകരിക്കുന്നതാണ്. ഭക്ഷണം പാകം ചെയ്യുന്നതും വിതരണവും ചെയ്യുന്നതും ശുചിത്വമുള്ള ചുറ്റുപാടിലായിരിക്കണം.

    കടകളില്‍ ഉപയോഗിക്കുന്ന വെള്ളവും ശുദ്ധമാണെന്ന് ഉറപ്പു വരുത്തണം. പാകം ചെയ്ത ഭക്ഷണം വൃത്തിയുള്ള അന്തരീക്ഷത്തില്‍ വേണം സൂക്ഷിക്കാന്‍. ഓണ്‍ലൈന്‍ വിതരണക്കാരും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചു വേണം ഭക്ഷണം കൈകാര്യം ചെയ്യാന്‍. രാത്രി കാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ പോലുള്ള സ്ഥാപനങ്ങളും കൂടുതല്‍ ശ്രദ്ധ നല്‍കി ഭക്ഷണം വിതരണം ചെയ്യേണ്ടതാണ്. വരും ആഴ്ചകളിലും പരിശോധനകള്‍ തുടരുന്നതാണ്.


    No comments

    Post Top Ad

    Post Bottom Ad