Header Ads

  • Breaking News

    20+20=20 ആയി! എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ വീണ്ടും പിഴവ്; ബാലാവകാശ കമ്മീഷന് പരാതി


    കണ്ണൂരിൽ വീണ്ടും എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ ഗുരുതര വീഴ്ചയെന്ന് പരാതി. എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിനിടെ മാര്‍ക്ക് കൂട്ടിയതിലാണ് വീണ്ടും പിഴവ് വന്നതായി പരാതി ഉയര്‍ന്നത്. സംഭവത്തിൽ ബാലാവകാശ കമ്മീഷന് പരാതി നൽകി. ഇക്കഴിഞ്ഞ ദിവസമാണ് ആദ്യമായി ഇത്തരത്തിൽ മൂല്യനിർണയം നടത്തിയപ്പോൾ പിഴവ് സംഭവിച്ചതായി പരാതി ഉയർന്നത്. ഇതിന് പിന്നാലെയാണിപ്പോൾ പുതിയൊരു പരാതികൂടി ഉയർന്നത്.

    കണ്ണൂര്‍ കണ്ണപുരത്തെ നേഹ ജോസഫ് എന്ന വിദ്യാര്‍ത്ഥിനിയുടെ ഉത്തരക്കടലാസിലാണ് പിഴവ് സംഭവിച്ചത് കണ്ടെത്തിയത്. പുനര്‍ മൂല്യനിര്‍ണയത്തിനും ഉത്തരക്കടലാസിന്‍റെ പകര്‍പ്പിനും അപേക്ഷ സമര്‍പ്പിച്ചതോടെയാണ് പിഴവ് വ്യക്തമായത്. ജീവശാസ്ത്രം ഉത്തരക്കടലാസിന്‍റെ സ്കോര്‍ ഷീറ്റില്‍ 20ഉം 20ഉം കൂട്ടി 40 എന്നെഴുതേണ്ടതിന് പകരം 20 എന്ന് തെറ്റായി രേഖപ്പെടുത്തുകയായിരുന്നു. ഗ്രേസ് മാര്‍ക്ക് കൂടി ചേര്‍ത്ത് വിദ്യാര്‍ത്ഥിക്ക് പരീക്ഷാ ഫലം വന്നപ്പോള്‍ ജീവശാസ്ത്രത്തിന് എ പ്ലസ് കിട്ടിയെങ്കിലും പ്ലസ് വണ്‍ അലോട്ട്മെന്‍റില്‍ പുറകിലായി.

    ഗ്രേസ് മാര്‍ക്ക് വഴി കിട്ടിയ എ പ്ലസ് ആയതിനാല്‍ പ്ലസ് വണ്‍ അലോട്ട്മെന്‍റില്‍ മറ്റു കുട്ടികള്‍ക്ക് പുറകിലായെന്നാണ് പരാതി. സംഭവത്തില്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബം ബാലാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. പരീക്ഷയില്‍ 40ല്‍ 40ല്‍ മാര്‍ക്ക് കിട്ടിയിട്ടും മൂല്യനിര്‍ണയത്തിലെ പിഴവ് മൂലം മാര്‍ക്ക് കുറയുകയായിരുന്നു. ഗ്രേസ് മാര്‍ക്ക് ഇല്ലാതെ തന്നെ എ പ്ലസ് കിട്ടുമായിരുന്നിട്ടും ഇത്തരത്തിലൊരു പിഴവ് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്നാണ് വിദ്യാര്‍ത്ഥിനിയുടെ വീട്ടുകാരുടെ പരാതി. ഏതു വിഷയത്തിനാണ് ഗ്രേസ് മാര്‍ക്ക് ചേര്‍ത്തതെന്ന് അറിയുന്നതിനായി എല്ലാ വിഷയത്തിന്‍റെയും ഉത്തരക്കടലാസിന്‍റെ പകര്‍പ്പ് കിട്ടാൻ അപേക്ഷ നല്‍കിയതെന്നും വിദ്യാര്‍ത്ഥിനിയുടെ അമ്മ പറഞ്ഞു. അലോട്ട്മെന്‍റില്‍ ഇഷ്ടപ്പെട്ട സ്കൂളില്‍ അഡ്മിഷൻ ലഭിച്ചില്ലെന്നും ഇവര്‍ ആരോപിച്ചു.

    അതേസമയം കഴിഞ്ഞ ദിവസമാണ് കണ്ണൂരിൽ മൂല്യനിർണയം നടത്തിയ അധ്യാപകൻ മാര്‍ക്ക് കൂട്ടി എഴുതിയപ്പോള്‍ സംഭവിച്ച പിഴവില്‍ പത്താംക്ലാസ് വിദ്യാർത്ഥിക്ക് അര്‍ഹമായ എ പ്ലസ് നഷ്ടമായ സംഭവം പുറത്ത് വന്നത്. കണ്ണൂർ കടന്നപ്പളളി സ്കൂളിലെ ധ്യാൻ കൃഷ്ണയുടെ ജീവശാസ്ത്രം ഉത്തരക്കടലാസിന്‍റെ മൂല്യനിര്‍ണയത്തിലാണ് ഗുരുതര പിഴവ് സംഭിച്ചത്. 40ൽ 40 കിട്ടേണ്ട ഉത്തരക്കടലാസിന്‍റെ പുനർമൂല്യ നിർണയത്തിലാണ് അബദ്ധം കണ്ടെത്തിയത്.
    സ്കോർ ഷീറ്റിൽ 23ഉം 17ഉം കൂട്ടി 40 എന്ന് രേഖപ്പെടുത്തേണ്ടതിന് പകരം 30 എന്നാണ് അധ്യാപകൻ തെറ്റായി രേഖപ്പെടുത്തിയത്. ഇതോടെ ഒരു വിഷയത്തില്‍ എ പ്ലസ് നഷ്ടമായതോടെ മുഴുവൻ വിഷയങ്ങളിലും ഫുള്‍ എ പ്ലസ് എന്ന നേട്ടവും പരീക്ഷ ഫലം വന്ന സമയത്ത് ധ്യാൻ കൃഷ്ണയ്ക്ക് നഷ്ടമായിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് സമാനമായ മറ്റൊരു പിഴവ് കൂടി പുറത്തുവരുന്നത്.

     

    No comments

    Post Top Ad

    Post Bottom Ad