Header Ads

  • Breaking News

    ശനിയും ഞായറും അവധി, 2 മാസം വേനലവധിയും, ഓണത്തിനും ക്രിസ്മസിനും വീട്ടിലിരിക്കാം, പക്ഷെ, അധ്യയന ദിവസം കൂട്ടിയാല്‍ ഉടന്‍ പ്രതിഷേധം, അധ്യാപകര്‍ സമരത്തിലേക്ക്.



    സംസ്ഥാനത്തെ അധ്യാപകരെക്കുറിച്ച്‌ പൊതുസമൂഹത്തിന്റെ പൊതുവെയുള്ള പ്രചരണമാണിത്. പ്രചരിക്കുന്നതില്‍ മുഴുവന്‍ സത്യാവസ്ഥയല്ലെങ്കിലും സര്‍ക്കാര്‍ ശമ്ബളം വാങ്ങുന്ന ജീവനക്കാരില്‍ അധ്യാപകരെപ്പോലെ അവധി ലഭിക്കുന്ന മറ്റൊരു വിഭാഗമില്ല.

    സ്‌കൂളില്‍ കുട്ടികള്‍ക്ക് ലഭിക്കുന്ന എല്ലാ അവധിയും അധ്യാപകര്‍ക്കില്ലെങ്കിലും അവധിയുടെ കാര്യത്തില്‍ മറ്റാരേക്കാളും ഏറെ മുന്നിലാണവര്‍. എന്നാല്‍, അവധികളുടെ എണ്ണം അല്‍പമൊന്ന് കുറഞ്ഞുപോയാലോ വിദ്യാര്‍ത്ഥികളുടെ മികവ് വര്‍ദ്ധിപ്പിക്കാന്‍ അധ്യയന ദിവസം കൂട്ടാന്‍ നിര്‍ദ്ദേശം വന്നാലോ അപ്പോള്‍ തുടങ്ങും പ്രതിഷേധവും സമരവും. സംഘടനാബലത്തില്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതില്‍ തെറ്റില്ലെങ്കിലും ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ ഈ ആത്മാര്‍ത്ഥത കാട്ടാറില്ല..

    സംസ്ഥാനത്ത് ഈ വര്‍ഷം 220 ദിവസം അധ്യയനം വേണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തോട് കടുത്ത പ്രതിഷേധത്തിലാണ് ഒരുവിഭാഗം അധ്യാപകര്‍. ഇതിന്റെ പേരില്‍ ശനിയാഴ്ച കൂട്ട അവധിയെടുത്ത് പ്രതിപക്ഷ സംഘടനകളിലെ അധ്യാപകര്‍ പ്രതിഷേധിക്കുകയും ചെയ്തു. വിഷയം ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിളിച്ച യോഗത്തില്‍ സമവായമാകാഞ്ഞതിനെ തുടര്‍ന്നാണ് പ്രതിഷേധം.

    ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അധ്യയന ദിവസം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി 25 ശനിയാഴ്ചകളില്‍ പ്രവര്‍ത്തിദിനമാക്കി വിദ്യാഭ്യാസ കലണ്ടറും പ്രസിദ്ധീകരിച്ചു. എന്നാല്‍, തങ്ങളുടെ അവധി കവര്‍ന്നെടുക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് അധ്യാപകര്‍. ഒന്ന് മുതല്‍ എട്ടു വരെ ക്ലാസുകളില്‍ പ്രവൃത്തി ദിനം 200 ആക്കുന്നത് പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞെങ്കിലും പ്രതിഷേധക്കാര്‍ അയഞ്ഞില്ല. മന്ത്രി വിളിച്ച ചര്‍ച്ച പ്രഹസമാണെന്നായിരുന്നു കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്റെ പ്രതികരണം.

    അധ്യയനസമയം സംബന്ധിച്ച വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥക്ക് വിരുദ്ധമായാണ് വിദ്യാഭ്യാസ കലണ്ടര്‍ തയാറാക്കിയതെന്നാണ് സംഘടനകളുടെ ആക്ഷേപം. അധ്യയന ദിവസം കൂട്ടുന്നതിനെതിരെ വിദ്യാര്‍ത്ഥി സംഘടകളോ രക്ഷിതാക്കളോ ഇതുവരെ രംഗത്തെത്തിയിട്ടില്ല. അധ്യാപകരുടെ സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് സര്‍ക്കാര്‍ നിലപാട്. ഉത്തരവാദിത്വം നിറവേറ്റാന്‍ അധ്യാപകര്‍ തയ്യാറാകണമെന്നും വിദ്യാഭ്യാസവകുപ്പ് പറയുന്നു.

    No comments

    Post Top Ad

    Post Bottom Ad