Header Ads

  • Breaking News

    എം വി നികേഷ് കുമാർമാധ്യമപ്രവർത്തനം അവസാനിപ്പിച്ചു




    28 വര്‍ഷത്തെ സജീവ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് എം വി നികേഷ് കുമാര്‍. രാഷ്ട്രീയ രംഗത്ത് സജീവമാകുന്നതിന്‍റെ ഭാഗമായാണ് മാധ്യമ രംഗത്ത് നിന്നുള്ള വിടവാങ്ങല്‍. നിലവിൽ പ്രവർത്തിക്കുന്ന റിപ്പോര്‍ട്ടര്‍ ടിവിയുടെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് എംവി നികേഷ് കുമാര്‍ സ്ഥാനമൊഴിഞ്ഞതായി ചാനൽ വൃത്തങ്ങൾ പറഞ്ഞു.

    എല്ലാ കാലത്തും തന്‍റെ ജീവിതത്തില്‍ രാഷ്ട്രീയമുണ്ടായിരുന്നുവെന്ന് എം വി നികേഷ് കുമാര്‍ പറഞ്ഞു.

    ഒരു പൗരനെന്ന നിലയില്‍ പൊതുപ്രവര്‍ത്തനത്തിൻ്റെ ഭാഗമായി വിവിധ രീതിയില്‍ നിലകൊള്ളാനാണ് ആഗ്രഹിക്കുന്നത്. "ഇനി സിപിഐഎം അംഗമായി പ്രവർത്തിക്കും. റിപ്പോര്‍ട്ടര്‍ ടിവി ഞാന്‍ ജന്മം നല്‍കിയ സ്ഥാപനമാണ്. എന്‍റെ കരുതലും സ്‌നേഹവുമെല്ലാം എല്ലാ കാലത്തും റിപ്പോര്‍ട്ടറിനൊപ്പം ഉണ്ടാകും. ചാനലിന്‍റെ ഭാഗമായി നിന്നുകൊണ്ട് പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകുന്നതിലെ തടസ്സം കൊണ്ടാണ് ഈ തീരുമാനം." എം വി നികേഷ് കുമാര്‍ വിശദീകരിച്ചു.

    ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍ ചാനലുകളില്‍ പ്രവര്‍ത്തിച്ച നികേഷ്, റിപ്പോര്‍ട്ടര്‍ ടി.വി. എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനത്തുനിന്നാണ് പടിയിറങ്ങുന്നത്.

    ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാധ്യമപ്രവര്‍ത്തനത്തിന് അവധി നല്‍കി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി അഴീക്കോട് മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും മുസ്ലിം ലീഗിലെ കെ.എം ഷാജിയോട് പരാജയപ്പെട്ടു. തുടർന്ന് വീണ്ടും മാധ്യമപ്രവർത്തന രംഗത്തേക്ക് തിരിച്ചെത്തുകയായിരുന്നു.

    കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം വി രാഘവന്‍റെയും സി വി ജാനകിയുടെയും മകനായി 1973 മെയ് 28 നാണ് എം വി നികേഷ് കുമാറിന്‍റെ ജനനം. ഏഷ്യാനെറ്റ് ന്യൂസിലാണ് മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത്. 2003 ല്‍ കേരളത്തിലെ ആദ്യത്തെ മുഴുവന്‍ സമയ വാര്‍ത്താ ചാനലായി ഇന്ത്യാവിഷന്‍ ആരംഭിച്ചപ്പോള്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായി പ്രവര്‍ത്തിച്ചു. 2011ല്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് തുടക്കം കുറിച്ചു.

    രാംനാഥ് ഗോയങ്ക അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 28 വര്‍ഷത്തിന് ശേഷം മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് റിപ്പോര്‍ട്ടര്‍ ടി.വിയുടെ എഡിറ്റോറിയല്‍ ചുമതലയും അദ്ദേഹം ചൊവ്വാഴ്ച ഒഴിഞ്ഞു

    No comments

    Post Top Ad

    Post Bottom Ad