Header Ads

  • Breaking News

    അടുക്കളയിൽ തേങ്ങ ചിരകുന്ന അച്ഛൻ, കൈയിൽ പാവയുമായി നോക്കി നിൽക്കുന്ന മകൻ; വൈറലായി മൂന്നാം ക്ലാസിലെ പാഠപുസ്തകം




    തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മൂന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം. പുസ്തകത്തിലെ ഒരധ്യായത്തിലെ ചിത്രമാണ് ചർച്ചകൾക്ക് വഴിവെച്ചത്. അടുക്കളയിലെ ചിത്രത്തിൽ അമ്മയോടൊപ്പം അച്ഛനും വീട്ടുജോലി ചെയ്യുന്നതാണ് ഹൈലൈറ്റ്. അമ്മ ദോശ ചുട്ടെടുക്കുകയും അച്ഛൻ തറയിലിരുന്ന് തേങ്ങ ചിരകുന്നതും കളിപ്പാവ കൈയിൽ പിടിച്ച് ആൺകുട്ടി അച്ഛന്റെ പ്രവൃത്തി നോക്കിനിൽക്കുന്നതും ചിത്രത്തിൽ കാണാം. പെൺകുട്ടി അലമാരയിൽ നിന്ന് സാധനങ്ങളെടുക്കുകയും ചെയ്യുന്നു. പരമ്പരാ​ഗത രീതികളെ മറികടക്കുന്നതാണ് പുതിയ ചിത്രമെന്ന് സോഷ്യൽമീഡിയയിൽ അഭിപ്രായമുയർന്നു.

    നേരത്തെ വീടിനെക്കുറിച്ചുള്ള പാഠഭാ​ഗത്തിൽ അമ്മ എപ്പോഴും അടുക്കള ജോലി ചെയ്യുന്നതും അച്ഛൻ പത്രം വായിക്കുന്നതുമായിരുന്നു പതിവെന്നും ഇത് തെറ്റായ ധാരണ കുട്ടികളിൽ വളർത്തുമെന്നും ചർച്ച ചെയ്യപ്പെട്ടിരുന്നു. പുരുഷന്മാർ കൂടെ അടുക്കള ജോലിയുടെ ഭാ​ഗമാകണമെന്ന സന്ദേശം പുതിയ പാഠപുസ്തകത്തിലൂടെ പ്രചരിപ്പിക്കുന്നത് നല്ല പ്രവണതയാണെന്നും മാറ്റത്തിന്റെ തുടക്കമാകട്ടെയെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.

    വീട്ടിലെ പ്രധാന തൊഴിലിടമാണ് അടുക്കള എന്ന തലക്കെട്ടിന് താഴെയായാണ് ചിത്രം. അടുക്കളയിലെ ഉപകരണങ്ങള്‍ അടക്കമുള്ളവയെ കുറിച്ച് വിവരണം തയ്യാറാക്കാനും കുട്ടികളോട് ആവശ്യപ്പെടുന്നുണ്ട്. പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോള്‍ ലിംഗസമത്വം ഉൾപ്പെടുത്തിയുള്ള മാറ്റമുണ്ടാകുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. 

    No comments

    Post Top Ad

    Post Bottom Ad