Header Ads

  • Breaking News

    കോഹ്‌ലിക്ക് പകരം സഞ്ജു?; ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ സന്നാഹ മത്സരം ഇന്ന്



    ന്യൂയോര്‍ക്ക്: ട്വന്റി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ലോകകപ്പിന് മുന്നെയുള്ള ഇന്ത്യയുടെ ഏക സന്നാഹ മത്സരമാണിത്. ന്യൂയോര്‍ക്കിലെ നസ്സാവു കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം.

    ഇന്ത്യയുടെ പ്ലേയിങ് ഇലവനിലെ ചില പൊസിഷനുകളില്‍ ആരെയൊക്കെ കളിപ്പിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ബംഗ്ലാദേശിനെതിരായ മത്സരത്തോടെ ഇതിനെല്ലാം ഉത്തരം ലഭിച്ചേക്കും. ടീമിന്റെ ദൗര്‍ബല്യങ്ങള്‍ തിരിച്ചറിയാന്‍ കോച്ച് രാഹുല്‍ ദ്രാവിഡിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കും ഇന്നത്തെ മത്സരം വളരെ സഹായകമാകും. ഐപിഎല്ലില്‍ തിളങ്ങാന്‍ കഴിയാത്ത താരങ്ങള്‍ക്ക് ഫോമിലേക്കുയരാനും ഈ സന്നാഹ മത്സരം മികച്ച അവസരം നല്‍കും.

    മലയാളി താരം സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം ഈ മത്സരം വളരെ നിര്‍ണായകമാണ്. താരത്തിന് ഇന്നത്തെ ടീമില്‍ ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷ. അവസാന നിമിഷം ടീമിനൊപ്പം ചേര്‍ന്ന സൂപ്പര്‍ താരം വിരാട് കോഹ്‌ലി സന്നാഹം കളിക്കാന്‍ സാധ്യതയില്ല. അതിനാല്‍ തന്നെ സഞ്ജുവിന് ടീമില്‍ ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷ. സ്ഥിരം ബാറ്റിങ് ഓര്‍ഡറായ മൂന്നാം നമ്പറില്‍ തന്നെ ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കാനും സാധ്യതയുണ്ട്.

    ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സില്‍ തന്റെ ഇഷ്ടപൊസിഷനായ വണ്‍ഡൗണായാണ് സഞ്ജു സാംസണ്‍ കളിച്ചത്. എന്നാല്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ വിരാട് കോഹ്‌ലി ഉള്ളതിനാല്‍ ലോകകപ്പില്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചാലും മൂന്നാം നമ്പര്‍ അദ്ദേഹത്തിന് ലഭിക്കാന്‍ സാധ്യതയില്ല. എന്നാല്‍ ഇന്ന് ബംഗ്ലാദേശിനെതിരെ വണ്‍ഡൗണായി ഇറങ്ങി ഒരു കിടിലന്‍ ഇന്നിങ്‌സ് പുറത്തെടുക്കാന്‍ സാധിച്ചാല്‍ ലോകകപ്പിലെ ആദ്യ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ നിന്ന് സഞ്ജുവിനെ മാറ്റിനിര്‍ത്താന്‍ മാനേജ്‌മെന്റിന് സാധിക്കില്ല.

    No comments

    Post Top Ad

    Post Bottom Ad