Header Ads

  • Breaking News

    ലോക്സഭ തെരഞ്ഞെടുപ്പ് ; ജനവിധി അംഗീകരിക്കുന്നു, തിരുത്തി മുന്നോട്ടുപോകുമെന്നും സി.പി.എം




    തിരുവനന്തപുരം :- ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുണ്ടായ ജനവിധി അംഗീകരിക്കുന്നതായി സി.പി.എം. ലോക്‌സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂലമായ ജനവിധിയാണ് കേരളത്തിൽ പൊതുവിലുണ്ടാവാറുള്ളത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫിന് ഒരു സീറ്റ് മാത്രമാണ് സംസ്ഥാനത്ത് ലഭിച്ചത്. ഒരു സീറ്റ് പോലും പാർട്ടിക്ക് ലഭിക്കാത്ത സാഹചര്യവും സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. അത്തരം ഘട്ടങ്ങളിലെല്ലാം ശരിയായ പരിശോധന നടത്തി ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകുന്ന ശൈലിയാണ് പാർട്ടി സ്വീകരിച്ചിട്ടുള്ളതെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.

    കഴിഞ്ഞ ലോക്സ്‌സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങൾ പരിശോധിച്ച് തിരുത്തുന്ന പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഭാഗമായാണ് തുടർന്ന് നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടാൻ എൽ.ഡി.എഫിന് സാധിച്ചത്. അതിനുശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിലാവട്ടെ കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി എൽ.ഡി.എഫിന് തുടർഭരണം ലഭിക്കുന്ന സ്ഥിതിയുമുണ്ടായി. രാജ്യത്ത് ബി.ജെ.പിക്ക് ഒറ്റക്ക് അധികാരത്തിൽ വരാൻ പറ്റാത്ത സ്ഥിതി ഈ തെരഞ്ഞെടുപ്പിലുണ്ടായിട്ടുണ്ട്. എന്നാൽ, കേരളത്തിൽ ഈ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ എൻ.ഡി.എക്ക് ഒരു സീറ്റിൽ വിജയിക്കാനായി.

    നേമത്തെ തെരഞ്ഞെടുപ്പിൽ അസംബ്ലിയിൽ കോൺഗ്രസിന്റെ സഹായത്തോടെ ബി.ജെ.പി അക്കൗണ്ട് തുറന്നെങ്കിലും പിന്നീട് അതില്ലാതാവുകയാണ് ചെയ്‌തത്. മൂവാറ്റുപുഴ ലോക്‌സഭ മണ്ഡലത്തിൽ ബി.ജെ.പി മുന്നണി സ്ഥാനാർഥി നേരത്തെ വിജയിച്ചിരുന്നെങ്കിലും പീന്നീട് അത് ആവർത്തിക്കാൻ കഴിഞ്ഞില്ല. വർഗീയ ശക്തികളുടെ വളർച്ചക്കെതിരായി ആശയപരവും സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ ഇടപെടലുണ്ടാവേണ്ടതിന്റെ പ്രധാന്യം ഈ തെരഞ്ഞെടുപ്പ് ഉയർത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് വിധിയെ ശരിയായ അർഥത്തിൽ പരിശോധിച്ച് തിരുത്തേണ്ടവ തിരുത്തി മുന്നോട്ടുപോകും. ജനങ്ങൾക്കൊപ്പം കൂടുതൽ ചേർന്നുകൊണ്ടുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും കുറിപ്പിൽ പറയുന്നു.

    No comments

    Post Top Ad

    Post Bottom Ad