Header Ads

  • Breaking News

    എവിടെപ്പോയെന്ന് ഇനി മൊബൈലില്‍ സുരക്ഷിതം; ‘ഗൂഗിള്‍ മാപ്സ് ടൈംലൈന്‍’ സ്വകാര്യമാക്കാന്‍ ഗൂഗിള്‍

    കോഴിക്കോട്: നിങ്ങള്‍ ഓരോദിവസം എവിടെയൊക്കെ പോകുന്നു, ഏതൊക്കെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നു എന്ന വിവരം ശേഖരിച്ച് സൂക്ഷിക്കുന്നത് ഗൂഗിള്‍ നിര്‍ത്തുന്നു. ഉപയോക്താവിന് കൂടുതല്‍ സ്വകാര്യത ഉറപ്പാക്കുന്നതിനുവേണ്ടിയാണ് ഏറെ ജനപ്രിയമായ ‘ഗൂഗിള്‍ മാപ്സ് ടൈംലൈന്‍’ വെബില്‍ ലഭ്യമാകുന്നത് നിര്‍ത്തുന്നത്. എന്നാല്‍, അതത് മൊബൈല്‍ ഫോണില്‍ മാത്രം ഈ സേവനം ലഭ്യമാകും. ഡിസംബര്‍ ഒന്നോടെ പൂര്‍ണമായി നടപ്പാകും. നിലവില്‍, ഇ-മെയില്‍ ലോഗിന്‍ ചെയ്യുന്ന ലാപ്‌ടോപ്പിലും ടാബിലും ഡെസ്‌ക്ടോപ്പിലുമെല്ലാം ഈ ടൈംലൈന്‍ സൗകര്യം ലഭ്യമായിരുന്നു. ഇങ്ങനെ ഗൂഗിള്‍ അതിന്റെ ശേഖരണകേന്ദ്രമായ ‘ക്‌ളൗഡില്‍’ സൂക്ഷിക്കുന്ന യാത്രാവിവരങ്ങള്‍ കാണിച്ച് മെയില്‍ വരും.

    എന്നാല്‍, ഇതിന് കൗതുകത്തിനപ്പുറം ഒരാളുടെ സ്വകാര്യത പരസ്യപ്പെടുത്തുന്നതായി തോന്നിയാണ് ഗൂഗിളിന്റെ പിന്നോട്ടുപോക്ക്. യാത്രാവിവരങ്ങള്‍ അവരുടെ മൊബൈലില്‍ സുരക്ഷിതമായിരുന്നാല്‍ മതിയെന്നും അത്യാവശ്യഘട്ടത്തില്‍ ആ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിലൂടെ യാത്രാവിവരങ്ങള്‍ പുറത്തുവന്നോട്ടെയെന്നുമാണ് പുതിയ തീരുമാനം. സാങ്കേതികമായി പറഞ്ഞാല്‍, ടൈംലൈന്‍ ഫീച്ചറിനായുള്ള വെബ് ആക്‌സസ് ഗൂഗിള്‍ മാപ്സ് നിര്‍ത്തുകയാണ്. മാറുമ്പോഴും ടൈംലൈന്‍ ഡേറ്റ നഷ്ടമാകാതിരിക്കാന്‍ ബാക്കപ്പ് ചെയ്യാനും പുനഃസ്ഥാപിക്കാനും കഴിയും. ഇതിനായി, ഗൂഗിള്‍ മാപ്സ് ആപ്പിന്റെ ടൈംലൈന്‍ ഓപ്ഷനില്‍ മാറ്റം വരുത്തണം.

    No comments

    Post Top Ad

    Post Bottom Ad