Header Ads

  • Breaking News

    പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇനി കര്‍ശന നിയമനടപടി; സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്നവരെ സര്‍വീസില്‍ നിന്നുതന്നെ നീക്കം ചെയ്യണമെന്ന് പോലീസ് മേധാവി




    തിരുവനന്തപുരം: സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ഡോ.

    ഷെയ്ഖ് ദർവേഷ് സാഹിബ് നിർദ്ദേശിച്ചു. ഇത്തരക്കാരെ സർവീസില്‍ നിന്നുതന്നെ നീക്കം ചെയ്യാൻ നടപടി വേണം. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് ക്രൈം റിവ്യൂ കോണ്‍ഫറൻസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    അടുത്ത മാസം നിലവില്‍ വരുന്ന പുതിയ നിയമ സംഹിതകളെക്കുറിച്ച്‌ ജില്ലാ പോലീസ് മേധാവിമാർ ഉള്‍പ്പെടെ 38,000ല്‍ പരം പോലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. ബാക്കിയുള്ളവർക്ക് ഉടൻ പരിശീലനം നല്‍കും. ഓണ്‍ലൈൻ തട്ടിപ്പുകള്‍ വർധിച്ചുവരുന്നത് തടയാനായി ജില്ലാ പോലീസ് മേധാവിമാർ വ്യാപകമായി പ്രചരണം നടത്തണം. ഇതിനായി ജനമൈത്രി പോലീസിൻറെ സേവനം വിനിയോഗിക്കണം. പോലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ശിക്ഷാ നടപടികള്‍ നിശ്ചിത സമയത്തിനകം പൂർത്തിയാക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കണം.

    സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും ഇത്തരം കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും ജില്ലാ പോലീസ് മേധാവിമാർ കർശന നടപടി സ്വീകരിക്കണം. കുട്ടികളെയും സ്ത്രീകളെയും കാണാതാകുന്ന കേസുകളില്‍ അന്വേഷണം ഊർജിതമാക്കണം. മോഷണവും വ്യക്തികള്‍ക്കെതിരെയുള്ള അതിക്രമവും തടയുന്നതിനും ഇത്തരം കേസുകളില്‍ കുറ്റവാളികളെ പിടികൂടുന്നതിനും സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നല്‍കി.

    സൈബർ കുറ്റകൃത്യങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍, പോക്സോ കേസുകള്‍ എന്നിവ സംബന്ധിച്ച നിലവിലെ സ്ഥിതി യോഗം വിലയിരുത്തി. കാപ്പനിയമം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം സ്വീകരിച്ച നപടികളും യോഗം ചർച്ച ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതില്‍ പങ്കു വഹിച്ച വിവിധ റാങ്കുകളിലെ പോലീസ് ഉദ്യോഗസ്ഥരെ സംസ്ഥാന പോലീസ് മേധാവി അഭിനന്ദിച്ചു. എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, എം.ആർ. അജിത് കുമാർ, എച്ച്‌. വെങ്കടേഷ് എന്നിവരും ഐ.ജിമാർ, ഡി.ഐ.ജി മാർ, എസ് പി മാർ, ജില്ലാ പോലീസ് മേധാവിമാർ, എ.ഐ.ജിമാർ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad