Header Ads

  • Breaking News

    സമൂഹമാധ്യമങ്ങളിൽ സ്‌ത്രീകൾക്ക്‌ വിലപേശൽ; ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ

    കൊച്ചി : സമൂഹമാധ്യമങ്ങളിൽ പെൺകുട്ടികളെ വിലപേശി തട്ടിപ്പ്‌ നടത്തുന്ന മീറ്റ്‌ അപ്പ്‌ ഗ്രൂപ്പുകൾക്കെതിരെ സമൂഹമാധ്യമ അധികൃതർക്ക്‌ പരാതി നൽകാൻ കൊച്ചി സിറ്റി പൊലീസ്‌. ഇത്തരത്തിൽ എറണാകുളം നഗരം കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ഗ്രൂപ്പ്‌ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഫെയ്‌സ്‌ബുക്കിന്‌ പരാതി നൽകുമെന്ന്‌ സിറ്റി പൊലീസ്‌ കമീഷണർ എസ്‌. ശ്യാംസുന്ദർ പറഞ്ഞു.

    ആറായിരത്തിലധികം അംഗങ്ങളുള്ള ഗ്രൂപ്പിൽ വൈറ്റില, തൃപ്പൂണിത്തുറ, കലൂർ തുടങ്ങിയ പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ്‌ സന്ദേശങ്ങൾ കൂടുതലും. കോളേജ്‌ വിദ്യാർഥിനികൾ ലഭ്യമാണെന്നും ബംഗളൂരുവിൽ നിന്നുള്ളവരെ എത്തിച്ചു കൊടുക്കാമെന്നും പോസ്റ്റുകളിൽ പറയുന്നു. 2500–3500 രൂപ നിരക്കിൽ ലഭ്യമാണെന്ന പോസ്റ്റുകളും ഗ്രൂപ്പിലുണ്ട്‌.

    പോസ്റ്റിൽ നൽകിയ നമ്പറുകളിൽ വിളിച്ചാൽ പലപ്പോഴും പണം മുൻകൂർ നൽകാൻ ആവശ്യപ്പെടും. പണം ലഭിച്ചാൽ പിന്നീട്‌ നമ്പർ ബ്ലോക്കാക്കി മുങ്ങുകയാണ്‌ പതിവ്‌. പണം നഷ്ടപ്പെട്ടവർ നാണക്കേട്‌ ഭയന്ന്‌ പരാതി നൽകാറില്ല. ഗ്രൂപ്പ്‌ പൂട്ടിച്ചാൽ ഉടൻ മറ്റൊരു പേരിൽ പുതിയത്‌ ആരംഭിച്ച്‌ തട്ടിപ്പ്‌ തുടരുന്നതാണ്‌ രീതി. പല ജില്ലകളുടെ പേരിലും സമൂഹമാധ്യമ ഗ്രൂപ്പുകളുണ്ട്‌. പലതും ക്ലോസ്‌ഡ്‌ ഗ്രൂപ്പുകളാണ്‌. ഇതിലേക്ക്‌ ചേരണമെന്ന്‌ റിക്വസ്റ്റ്‌ നൽകിയാൽ ഉടൻ അംഗമാക്കും. ഇത്തരം ഗ്രൂപ്പുകളിൽ നിന്ന്‌ അകന്നു നിൽക്കുന്നത് മാത്രമാണ്‌ തട്ടിപ്പിൽ നിന്ന്‌ രക്ഷ നേടാനുള്ള മാർഗമെന്നും പൊലീസ്‌ മുന്നറിയിപ്പ്‌ നൽകുന്നു.

    No comments

    Post Top Ad

    Post Bottom Ad