കടലിലിറക്കി കുഞ്ഞുങ്ങളെ കൊലക്ക് കൊടുക്കണോ?
കോഴിക്കോട്: കാലവർഷം കനത്ത് കരയിലേക്ക് തിരമാലകളാഞ്ഞടിച്ച് കയറുമ്പോഴും, സുരക്ഷയൊന്നും നോക്കാതെ കുഞ്ഞുങ്ങളെ കടലിലിറക്കുന്നതിന് ഒരു കുറവുമില്ല. കോഴിക്കോട് കടപ്പുറത്താണ് രാപ്പകൽ വ്യത്യാസമില്ലാതെ കുടുംബവും കുട്ടികളും ഇറങ്ങുന്നത്.
കടൽ പ്രക്ഷുബ്‌ധമാകുമ്പോൾ വെള്ളത്തിലിറങ്ങരുതെന്ന് സൂചിപ്പിക്കുന്ന ബോർഡുകളടക്കം കടപ്പുറത്തുണ്ടെങ്കിലും ഇതെല്ലാം അവഗണിച്ചാണ് ആളുകൾ കടലിലിറങ്ങി കളിക്കുന്നതും കുട്ടികളെ കുളിപ്പിക്കുന്നതും. അപകടം തുടർക്കഥയായതോടെ കടലിൽ നീന്തുന്നതും കുളിക്കുന്നതും അധികൃതർ തടഞ്ഞിട്ടുണ്ട്. എന്നാൽ, ചെറിയ കുട്ടികളെ കടലിലിറക്കി കുളിപ്പിക്കുന്നതിന് ഒട്ടും കുറവില്ലെന്നാണ് സമീപത്തെ കച്ചവടക്കാരടക്കമുള്ളവർ പറയുന്നത്. രക്ഷിതാക്കൾക്കൊപ്പം കടലിലിറങ്ങുന്ന അഞ്ച് വയസ്സിൽ താഴെയുള്ളവർവരെ മണിക്കൂറുകളോളമാണ് വെള്ളത്തിൽ കളിക്കുന്നത്. വലിയ തിരമാലകൾ വരുമ്പോൾ പോലും മെബൈലിൽ ഫോട്ടോയെടുക്കാനും മറ്റും കുട്ടികളെ വെള്ളത്തിൽത്തന്നെ നിർത്തുകയാണ് പലരും.
സ്‌കൂൾ, കോളജ് വിദ്യാർഥികൾ ഉൾപ്പെടെ നിരവധിപേർ തിരമാലയിൽപെട്ട് മുങ്ങിമരിച്ച ഭാഗമാണ് കോഴിക്കോട് കടപ്പുറം. തകർന്ന കടൽപാലത്തിനോട് ചേർന്നുള്ള ഭാഗത്ത് കഴിഞ്ഞ വർഷം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ തിരയിൽപെട്ട് മുങ്ങി മരിച്ചിരുന്നു. കുടുംബമായെത്തുന്നവരിൽ പലരും കുട്ടികളെ വേണ്ടത്ര ശ്രദ്ധിക്കാത്തതും കൂട്ടം തെറ്റിപ്പോയി കാണാതാവുന്നതടക്കം വലിയ പ്രശ്‌നങ്ങളാണ് പലപ്പോഴും സൃഷ്ടിക്കുന്നത്.
No comments
Post a Comment