ആദ്യം ശുചിമുറിയിൽ കയറി, ജനൽ വഴി ഇറങ്ങാനും ശ്രമം; ഒടുവിൽ രണ്ടാം നിലയിൽ നിന്ന് ശരത് ചാടി; ജീവിതത്തിലേക്ക്
തവനൂർ : ആളിപ്പടരുന്ന തീയിൽനിന്ന് സുഹൃത്തുക്കൾക്കൊപ്പം ശരത് എടുത്തു ചാടിയത് പുതു ജീവിതത്തിലേക്ക്. തീപിടിത്തമുണ്ടായ ഫ്ലാറ്റിന്റെ രണ്ടാം നിലയിൽനിന്ന് ചാടിയ തവനൂർ മേപ്പറമ്പിൽ ശരത്(30) കുവൈത്തിലെ ആശുപത്രിയിൽ ചികിത്സയിലാണ്. എൻബിടിസി കമ്പനിയിൽ ആറു വർഷമായി ജോലി ചെയ്യുന്നു.
ഫ്ലാറ്റിലെ മുറിയിൽ ശരത് അടക്കം 5 പേർ ഉണ്ടായിരുന്നു. മുറിയിലുണ്ടായിരുന്ന തിരുവല്ല സ്വദേശി അനിലാണ് തീപിടിത്തമുണ്ടായ പുലർച്ചെ 4 പേരെയും വിളിച്ചുണർത്തിയത്. മുറി നിറയെ കറുത്ത പുക നിറഞ്ഞിരുന്നു. വാതിൽ തുറന്നപ്പോൾ തീ ആളിപ്പടരുന്നതാണു കണ്ടത്.
ആദ്യം ശുചിമുറിയിൽ കയറി വാതിലടയ്ക്കാൻ ശ്രമിച്ചു. ശ്വാസം മുട്ടിയപ്പോൾ 5 പേരും ജനൽ വഴി പുറത്തിറങ്ങാൻ ശ്രമിച്ചു. താഴേക്കു ചാടുകയല്ലാതെ മറ്റുവഴികളില്ലെന്നു തിരിച്ചറിഞ്ഞതോടെ ഓരോരുത്തരായി ചാടി. ജീവൻ പണയംവച്ച് ആദ്യം ശരത് ചാടി. പിന്നാലെ മറ്റു 4 പേരും. ചാട്ടത്തിൽ ഇടതുകാലിനു പരുക്കേറ്റു. മറ്റുള്ളവർക്കും പരുക്കുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയമായ ശരത് 2 മാസം മുൻപാണ് നാട്ടിൽ വന്നുപോയത്.
No comments
Post a Comment