Header Ads

  • Breaking News

    വീണ്ടുമൊരു നിറംമാറ്റം; ഡ്രൈവിങ്ങ് സ്‌കൂള്‍ വണ്ടികള്‍ക്ക് മഞ്ഞയടിക്കണം



    ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾ തിരിച്ചറിയാൻ മഞ്ഞ നിറം നിർബന്ധമാക്കും. വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറം അടിക്കാനാണ് ശുപാർശ. ജൂലായ് മൂന്നിന് ചേരുന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ (എസ്.ടി.എ) ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും.

    6000 ഡ്രൈവിങ് സ്‌കൂളുകളിലായി 30,000 വാഹനങ്ങളാണുള്ളത്. ഡ്രൈവിങ് സ്കൂ‌ൾ ഉടമകളെ സംബന്ധിച്ചിടത്തോളം സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ് ഈ തീരുമാനം. അതേസമയം റോഡ് സുരക്ഷ പരിഗണിച്ചാണ് മഞ്ഞനിറം നിർബന്ധമാക്കുന്നതെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ പറയുന്നു. വാഹനങ്ങൾ വേഗത്തിൽ തിരിച്ചറിയാൻ മറ്റു ഡ്രൈവർമാർക്ക് കഴിയും.

    നിലവിൽ ‘എൽ’ ബോർഡും ഡ്രൈവിങ് സ്‌കൂളിൻ്റെ പേരുമാണ് വാഹനം തിരിച്ചറിയുന്നതിനുള്ള മാർഗ്ഗം. സർക്കാർ നിർദേശമായിട്ടാണ് നിറംമാറ്റം യോഗത്തിൽ എത്തുക. ഇത് അംഗീകരിക്കാറാണ് പതിവ്. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം സംബന്ധിച്ച് സർക്കാരുമായി തർക്കത്തിലുള്ള ഡ്രൈവിങ് സ്കൂളുകാരെ കൂടുതൽ പ്രകോപിതരാക്കുന്നതാണ് എസ്.ടി.എ തീരുമാനം.

    സി.ഐ.ടി.യു നേതൃത്വത്തിലുള്ള സംഘടന സർക്കാർ നിർദേശങ്ങൾക്കെതിരേ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രക്ഷോഭത്തിലാണ്. അതേസമയം, വാഹനങ്ങളുടെ നിറം സംബന്ധിച്ച മോട്ടോർവാഹനവകുപ്പിൻ്റെ നിലപാടിൽ വൈരുദ്ധ്യങ്ങളുണ്ട്. അപകടം കുറയ്ക്കാൻ ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം നിർബന്ധമാക്കിയത് പിൻവലിക്കുകയാണ്. ഡ്രൈവിങ് സ്‌കൂൾ വാഹനങ്ങളെ മഞ്ഞ അടിപ്പിക്കുന്ന എസ്.ടി.എ യോഗത്തിൽ തന്നെയാണ് ടൂറിസ്റ്റ് ബസുകൾക്ക് ഇളവ് നൽകുന്നത്.

    ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾക്ക് സുരക്ഷാ കാരണങ്ങളാൽ മഞ്ഞ നിറം നിർബന്ധമായിരുന്നു. എന്നാൽ അടുത്തിടെ ഒഴിവാക്കി. ടിപ്പർലോറികളുടെ അപകടം കൂടുമ്പോഴും കളർകോഡ് സംബന്ധിച്ച് മോട്ടോർ വാഹനവകുപ്പ് നിശ്ബദ്‌ത പാലിക്കുകയാണ്. ഓട്ടോറിക്ഷകൾക്ക് സംസ്ഥാനത്ത് മുഴുൻ ഓടാൻ കഴിയുന്ന വിധത്തിൽ പെർമിറ്റ് നൽകണമെന്ന ആവശ്യവും യോഗത്തിലെത്തുന്നുണ്ട്. സി.ഐ.ടി.യുവാണ് നിവേദനം നൽകിയിട്ടുള്ളത്. അതത് ജില്ലകളിൽ മാത്രം ഓടാനാണ് ഇപ്പോൾ അനുമതിയുള്ളത്

    No comments

    Post Top Ad

    Post Bottom Ad