ശമ്പളം മുടങ്ങി, 108 ആംബുലൻസ് സൂചനാ പണി മുടക്ക് നാളെ; സർവീസ് പൂർണ്ണമായും നിർത്തി വെക്കും
കൊച്ചി: എല്ലാ മാസവും ഏഴിന് മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പ് ലംഘിച്ച ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസ് കമ്പനിക്കെതിരെ 108 ആംബുലൻസ് ജീവനക്കാരുടെ പ്രതിഷേധം പണിമുടക്കിലേക്ക്. സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തിൽ ചൊവ്വാഴ്ച 108 ആംബുലൻസ് സർവീസ് പൂർണമായും നിർത്തിവെച്ച് സൂചന പണിമുടക്ക് നടത്തും. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ഫണ്ട് നൽകിയിട്ടും 108 ആംബുലൻസ് ജീവനക്കാരുടെ ജൂൺ മാസത്തെ ശമ്പളം നൽകാൻ കരാർ കമ്പനി തയ്യാറാകുന്നില്ല എന്ന് ആരോപിച്ചാണ് സർവീസ് നിർത്തിവെച്ചുള്ള സമരം. നിസ്സഹകരണ സമരത്തിന്‍റെ ഭാഗമായി നിലവിൽ 108 ആംബുലൻസ് സേവനം ഉപയോഗപ്പെടുത്തുന്ന രോഗികളുടെ ഉൾപ്പെടെ ട്രിപ്പിന്‍റെ വിവരങ്ങൾ രേഖപ്പെടുത്താതെയും സിഐടിയുവിന്‍റെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. ജൂൺ മാസത്തെ ശമ്പളം ലഭിക്കാൻ വൈകിയതോടെയാണ് ഇക്കഴിഞ്ഞ 16 മുതൽ സംസ്ഥാനത്തെ ഒരു വിഭാഗം 108 ആംബുലൻസ് ജീവനക്കാർ ഭാഗികമായി നിസ്സഹകരണ സമരം നടത്തിവരികയാണ്. സിഐടിയു ബിഎംഎസ് എന്നീ തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തിൽ ജീവനക്കാരുടെ ഭാഗത്ത് നിന്ന് നിസ്സഹകരണ സമരം ശക്തമായതോടെ കഴിഞ്ഞദിവസം കരാർ കമ്പനിക്ക് മെഡിക്കൽ സർവീസ് കോർപ്പറേഷൻ 3.8 കോടി അനുവദിച്ചിരുന്നു.
എന്നാൽ ഈ തുക ശമ്പളം നൽകാൻ തികയില്ല എന്നാണ് കമ്പനിയുടെ വാദമെന്ന് തൊഴിലാളി സംഘടന നേതാക്കൾ ആരോപിക്കുന്നു. ആംബുലൻസുകളിൽ ഇന്ധനം നിറയ്ക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും ഓക്സിജനും മരുന്നുകളും ഉൾപടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനും കൺട്രോൾ റൂം പ്രവർത്തനത്തിനും മറ്റും കുടിശ്ശികയുള്ള പണം ഈ തുകയിൽ നിന്ന് നൽകാനാണ് കരാർ കമ്പനിയുടെ നീക്കം എന്നാണ് ആരോപണം. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച സൂചന പണിമുടക്കിന്റെ ഭാഗമായി സർവീസ് പൂർണ്ണമായും നിർത്തിവയ്ക്കാൻ സിഐടിയു തീരുമാനിച്ചിരിക്കുന്നത്.
No comments
Post a Comment