കേരളത്തിൽ ഇന്നും പെരുമഴ തുടരും: 14 ജില്ലകളിലും ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: കേരളത്തിൽ ഇന്നും മഴ തുടരും. അതേസമയം ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പില്ല. അതിശക്തമായ മഴയെന്ന മുന്നറിയിപ്പിനെ തുടർന്ന് 10 ജില്ലകളിൽ ഒറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണുള്ളത്.
അതിശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ന് വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് മാത്രമാണ് ഇന്ന് അവധിയുള്ളത്. ചേവായൂർ എൻജിഒ ക്വാർട്ടേഴ്‌സ് ഹൈസ്‌കൂൾ, കോഴിക്കോട് ഐഎച്ച്ആർഡി ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂൾ, കോട്ടുളി ജിഎൽപി സ്‌കൂൾ, മുട്ടോളി ലോലയിൽ അങ്കണവാടി എന്നിവയ്ക്ക് മാത്രമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഓറഞ്ച് അലർട്ട്
18-07-2024: കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
19-07-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മഞ്ഞ അലർട്ട്
18-07-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ
19-07-2024: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്
20-07-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
21-07-2024: കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
No comments
Post a Comment