നോയിഡയിൽ ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്ത് സൈബർ സംഘം തട്ടിയത് 16.71 കോടി
നോയിഡ: നോയിഡയിലെ സെക്ടർ 62 ലെ ഒരു വാണിജ്യ ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്ത് സൈബർ തട്ടിപ്പുകാർ കവർന്നത് 16.71 കോടി രൂപ. ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്ത് 84 വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. 16 കോടി രൂപയിലധികം തട്ടിയെടുത്ത് പല അക്കൗണ്ടുകളിലേക്ക് മാറ്റിയ വിവരം ബാങ്ക് പോലും അറിഞ്ഞത് ദിവസങ്ങൾക്ക് ശേഷം മാത്രമാണ്. നൈനിറ്റാൾ ബാങ്കിന്റെ നോയിഡ ശാഖയിലാണ് വൻ സൈബർ തട്ടിപ്പ് അരങ്ങേറിയത്.
84 അക്കൗണ്ടുകളിലേക്കാണ് പണം കൈമാറ്റം ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. പണം ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള ബാങ്കിന്റെ ആർ.ടി.ജി.എസ് (റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ്) ചാനലിൽ നുഴഞ്ഞുകയറിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ജൂൺ 16നും 20നും ഇടയിൽ ആകെ 16.5 കോടി രൂപ ഇങ്ങനെ തട്ടിയെടുത്തതായി പിന്നീട് കണ്ടെത്തുകയായിരുന്നു.
നൈനിറ്റാൾ ബാങ്ക് ലിമിറ്റഡിലെ തട്ടിപ്പ് പുറത്തായത് ബാങ്കിന്റെ ബാലൻസ് ഷീറ്റിന്റെ പതിവ് അവലോകനത്തിനിടെയാണ്. ബാങ്കിന്റെ ഐടി മാനേജർ സുമിത് ശ്രീവാസ്തവ ജൂൺ 17 ന് ബാലൻസ് ഷീറ്റുകൾ പരിശോധിക്കുമ്പോൾ റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് അക്കൗണ്ടിൽ 3,60,94,020 രൂപയുടെ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ശ്രീവാസ്തവ ജൂലൈ 10 ന് നോയിഡ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. എൻസിആർബി പോർട്ടലിൽ നേരത്തെ പരാതി നൽകിയിരുന്നുവെങ്കിലും ജൂലൈ 10 നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ഉമേഷ് ചന്ദ്ര നൈതാനി പറഞ്ഞു
No comments
Post a Comment