Header Ads

  • Breaking News

    ഊണിനോടൊപ്പം അച്ചാര്‍ നല്‍കിയില്ല; റസ്റ്റൊറന്റ് ഉടമ 35,000 രൂപ നഷ്ടപരിഹാരം നല്‍കണം






    ചെന്നൈ: പാഴ്സല്‍ വാങ്ങുന്ന ഭക്ഷണത്തില്‍ ലാഭമുണ്ടാക്കാന്‍ ചില ഇനങ്ങള്‍ ഒഴിവാക്കുന്ന റസ്റ്റൊറന്റുകളുണ്ട്. (Pickle was not served with the meal; The restaurant owner has to pay a compensation of Rs 35,000) വാങ്ങിക്കൊണ്ടുപോയവര്‍ ചോദിച്ചുവരില്ലെന്ന ധൈര്യത്തിലാണ് അങ്ങിനെ ചെയ്യുന്നത്. എന്നാല്‍, അത്തരമൊരു തട്ടിപ്പിന് മുതിര്‍ന്ന റസ്റ്റൊറന്റ് ഉടമയക്ക് വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്.

    ഊണിനോടൊപ്പം സ്ഥിരമായി നല്‍കുന്ന അച്ചാര്‍ ഒഴിവാക്കിയതിന് റസ്റ്റൊറന്റ് ഉടമയ്ക്ക് നഷ്ടപരിഹാരമായിനല്‍കേണ്ടിവന്നത് വലിയതുകയാണ്. 80 രൂപയുടെ 25 ഊണ് പാഴ്സല്‍ വാങ്ങിയ ആളിന് 35,000 രൂപ നഷ്ടപരിഹാരംനല്‍കാനാണ് ഉപഭോക്തൃ തര്‍ക്കപരിഹാരഫോറം ഉത്തരവിട്ടത്. വിഴുപുരത്തുള്ള റസ്റ്റൊറന്റില്‍നിന്ന് രണ്ട് വര്‍ഷംമുമ്പ് പാഴ്സല്‍ വാങ്ങിയ ആരോഗ്യസാമിയുടെ പരാതിയിലാണ് നടപടി.

    ബന്ധുവിന്റെ ചരമവാര്‍ഷിക ചടങ്ങുകള്‍ക്കു വേണ്ടിയാണ് ആരോഗ്യസാമി വിഴുപുരം ബസ് സ്റ്റാന്‍ഡിന് സമീപമുള്ള റസ്റ്റൊറന്റില്‍നിന്ന് 2022 നവംബര്‍ 27-ന് 25 ഊണ് വാങ്ങിയത്. ഈ പാഴ്‌സലുകളില്‍ അച്ചാറുണ്ടായിരുന്നു. അടുത്ത ദിവസവും ഇതേ റസ്റ്റൊറന്റില്‍നിന്ന് 25 ഊണ്‍ വാങ്ങി. എന്നാല്‍, റസ്റ്റൊറന്റ് ഉടമ അച്ചാര്‍ ഒഴിവാക്കിയാണ് ഇത്തവണ പാഴ്‌സല്‍ നല്‍കിയത്. ഇതേകുറിച്ച് ചോദിച്ചപ്പോള്‍ അച്ചാര്‍ നല്‍കുന്നതിന് പകരം ഉടമ തട്ടിക്കയറുകയായിരുന്നു. ഒരു ഊണിന്റെ അച്ചാറിന് ഒരു രൂപ എന്ന കണക്കില്‍ 25 രൂപ തനിക്ക് തിരിച്ചു നല്‍കണമെന്ന് ആരോഗ്യസാമി ആവശ്യപ്പെട്ടു.

    ഉടമ ആവശ്യം നിരസിച്ചതോടെ ആരോഗ്യസാമി വിഴുപുരം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തെ സമീപിക്കുകയായിരുന്നു. ആരോഗ്യസാമി നേരിട്ട മാനസിക ബുദ്ധിമുട്ട് പരിഗണിച്ച് 30,000 രൂപയും നിയമച്ചെലവിനായി 5000 രൂപയും അച്ചാറിന്റെ വിലയായി 25 രൂപയും നല്‍കാനാണ് ഉത്തരവില്‍ പറയുന്നത്. 45 ദിവസങ്ങള്‍ക്കുള്ളില്‍ പണം നല്‍കണം. വീഴ്ച വരുത്തിയാല്‍ മാസം ഒന്‍പത് ശതമാനം പലിശ നല്‍കേണ്ടി വരുമെന്നും ഉപഭോക്തൃ ഫോറത്തിന്റെ ഉത്തരവില്‍ പറയുന്നു.

    No comments

    Post Top Ad

    Post Bottom Ad