Header Ads

  • Breaking News

    അച്ഛൻ ഡ്രൈവറായ ബസില്‍ കണ്ടക്ടറായി മകൾ.



    ചെറുപുഴ: മുദ്രകള്‍ പകർന്നു നല്കിയ നൃത്താധ്യാപികയുടെ വേഷത്തില്‍നിന്ന് ബസ് കണ്ടക്ടറുടെ കുപ്പായമണിഞ്ഞ് ശ്വേത. ജോലി ചെയ്യുന്നതാകട്ടെ അച്ഛൻ ഡ്രൈവറായ ബസിലും. തിരുമേനിയിലെ അരീപ്പാറയ്ക്കല്‍ സന്തോഷും മകള്‍ ശ്വേതയുമാണ് ഒരേ ബസില്‍ ജോലി നോക്കുന്നത്. 


    തിരുമേനി-ചെറുപുഴ-കോഴിച്ചാല്‍-പയ്യന്നൂർ റൂട്ടില്‍ സർവീസ് നടത്തുന്ന ലക്ഷ്മി ബസിലാണ് ഡ്രൈവറും കണ്ടക്ടറുമായി ഇരുവരും ജോലി ചെയ്യുന്നത്. 

    സന്തോഷിന്‍റെ മകൻ സ്വരൂപ് സ്വകാര്യ ബസായ ഐഷാനിയിലെ ഡ്രൈവറാണ്. ബന്ധുക്കളിലും ഭൂരിഭാഗവും ബസ് തൊഴിലാളികളാണ്. ബസിലെ തൊഴിലാണ് ഈ കുടുംബത്തിന്‍റെ വരുമാന മാർഗം. അച്‌ഛനും സഹോദരനും മറ്റ് ബന്ധുക്കളും ബസില്‍ ജോലി ചെയ്യുന്നത് ചെറുപ്പം മുതല്‍ കണ്ടുവന്ന ശ്വേത രണ്ടാഴ്ച മുന്പാണ് കണ്ടക്ടർ ലൈസൻസ് എടുത്ത് അച്‌ഛൻ ജോലി ചെയ്യുന്ന ബസില്‍ ജോലിക്കെത്തിയത്. 

    ബസിലെ ജോലി ഇഷ്ടമായതിനാലാണ് ഡാൻസ് പഠിപ്പിക്കുന്ന ജോലിവിട്ട് ബസ് കണ്ടക്ടറായതെന്ന് ശ്വേത പറഞ്ഞു. ശ്വേതയുടെ ഭർത്താവ് ഷിജുവിന് മലേഷ്യയിലാണ് ജോലി. ഭർത്താവിന്‍റെ പൂർണ പിന്തുണയും അച്ഛൻ പകർന്നു നല്കുന്ന ധൈര്യവും സഹോദരങ്ങളുടേയും ബന്ധുക്കളുടേയും യാത്രക്കാരുടേയും സ്നേഹവും തനിക്ക് കൂടുതല്‍ പ്രചോദനം നല്കുന്നതായി ശ്വേത പറഞ്ഞു. ജോലി നല്കിയ ലക്ഷ്മി ബസ് ഉടമ അജയൻ ചന്തപ്പുര, മാനേജർ റെജി വയക്കര, കണ്ടക്ടർ സുധി, തന്നെ കണ്ടക്ടർ ജോലി പഠിപ്പിച്ച തിരുമേനിയിലെ സുധീഷ് തുടങ്ങിയവരോടുള്ള കടപ്പാടും ശ്വേത പങ്കുവയ്ക്കുന്നു.

    രാവിലെ 7.30ന് തിരുമേനിയില്‍നിന്നും സർവീസ് ആരംഭിച്ചാല്‍ രാത്രി 7.30 ന് തിരുമേനിയില്‍ തന്നെയാണ് സർവീസ് അവസാനിക്കുന്നത്. ബസിലെ ജോലികള്‍ ഒരുകാലത്ത് പുരുഷന്മാരുടെ കുത്തകയായിരുന്നുവെങ്കില്‍ ഇന്ന് വനിതകളും ഈ തൊഴില്‍ മേഖലയില്‍ കടന്നുകയറുകയാണ്. ചെറുപുഴയില്‍ തന്നെ ഭാര്യാ-ഭർത്താക്കന്മാരായ ജോമോനും ജിജിനയ്ക്കും പിന്നാലെ സന്തോഷും മകള്‍ ശ്വേതയും.

    No comments

    Post Top Ad

    Post Bottom Ad