കേരളത്തിന്റെ വണ്ടിക്ക് ഉത്തര്‍പ്രദേശ് പുക സര്‍ട്ടിഫിക്കറ്റ്; രണ്ട് ആര്‍.സി. റദ്ദാക്കി എം.വി.ഡി
കേരളത്തിലെ പുകപരിശോധനയില്‍ പരാജയപ്പെട്ടതും പഴക്കംചെന്നതുമായ വാഹനങ്ങള്‍ക്ക് വ്യാജ പുകസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് അപ്ലോഡ് ചെയ്ത സംഭവത്തില്‍ രണ്ട് വാഹനങ്ങളുടെ ആര്‍.സി. റദ്ദാക്കി. പെരിന്തല്‍മണ്ണ സബ് ആര്‍.ടി.ഒ. ഓഫീസ് പരിധിയിലെ രജിസ്ട്രേഷനാണ് ജോയിന്റ് ആര്‍.ടി.ഒ. എം. രമേശ് റദ്ദാക്കിയത്. പെരിന്തല്‍മണ്ണയിലെ രണ്ട് വാഹനങ്ങളുടെ പുകസര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കേരള ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ പ്രത്യേക സംഘം കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് പെരിന്തല്‍മണ്ണ ജോയിന്റ് ആര്‍.ടി.ഒ.യെ അറിയിക്കുകയും അദ്ദേഹം അന്വേഷണത്തിന് നിര്‍ദേശം നല്‍കുകയുമായിരുന്നു. പരാതി ലഭിച്ച വാഹനം പരിശോധിച്ച് ഉടമയെ വിളിച്ചുവരുത്തിയെങ്കിലും എവിടെ നിന്നാണ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് വ്യക്തമായില്ല. അങ്ങാടിപ്പുറത്തെ വര്‍ക്ഷോപ്പിലെ ആളുവഴി ഒരു കംപ്യൂട്ടര്‍ സെന്റര്‍ നടത്തുന്ന വ്യക്തിയാണ് ഫോട്ടോയും മറ്റും യു.പി. യിലേക്ക് അയച്ചുകൊടുത്ത് വ്യാജ പുകസര്‍ട്ടിഫിക്കറ്റ് സൈറ്റില്‍ അപ്ലോഡ് ചെയ്യിക്കുന്നതെന്ന് വ്യക്തമായതായി ജോ.ആര്‍.ടി.ഒ. പറഞ്ഞു.
വ്യാജരേഖയുണ്ടാക്കിയതുമായി ബന്ധപ്പെട്ട കേസാണ് എടുത്തിരിക്കുന്നത്. മലപ്പുറം ആര്‍.ടി.ഒ. സി.വി.എം. ഷെരീഫിന്റെ നിര്‍ദേശപ്രകാരമാണ് ആര്‍.സി. നടപടി. വകുപ്പിന്റെ നിരീക്ഷണത്തില്‍ പെരിന്തല്‍മണ്ണ താലൂക്കില്‍ മാത്രം ഒട്ടേറെ വാഹനങ്ങള്‍ വ്യാജ പുകസര്‍ട്ടിഫിക്കറ്റ് എടുത്തുവരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പുകപരിശോധനയില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍ ഇതരസംസ്ഥാനങ്ങളില്‍നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കുന്നത് വ്യാപകമാകുന്നുവെന്ന് അടുത്തിടെ മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിരുന്നു. തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നാണ് സര്‍ട്ടിഫിക്കറ്റ് എത്തുന്നതെന്ന് മോട്ടോര്‍വാഹനവകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായി. പരിവാഹന്‍ സൈറ്റുമായി വ്യാജ ആപ്പ് ബന്ധിപ്പിച്ചാണ് ഇത്തരത്തില്‍ വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
ചില സാങ്കേതിക തകരാറുകള്‍ ഉണ്ടെങ്കില്‍ വാഹനങ്ങള്‍ പുകപരിശോധനയില്‍ പരാജയപ്പെടും. പ്രശ്നം പരിഹരിക്കാനാണ് സാധാരണയായി ആവശ്യപ്പെടുക. എന്നാല്‍, പ്രശ്നം പരിഹരിക്കാതെതന്നെ പണം നല്‍കി, ഇതരസംസ്ഥാനങ്ങളില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കുകയാണ് ചെയ്യുന്നതെന്നാണ് എം.വി.ഡി. അറിയിച്ചത്. പരിവാഹന്‍ മുഖേന ഇന്ത്യയില്‍ എവിടെനിന്നുവേണമെങ്കിലും പുകപരിശോധന നടത്താം. അതിനായി വാഹനം കൊണ്ടുപോകണം. എന്നാല്‍, വാഹനം കൊണ്ടുപോകാതെ വ്യാജമായി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ് തട്ടിപ്പ്.
No comments
Post a Comment