Header Ads

  • Breaking News

    പോലീസുകാരുടെ ആത്മഹത്യ കുറയ്ക്കാന്‍ മുഖ്യമന്ത്രി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഇങ്ങനെ



    തിരുവനന്തപുരം: പൊലീസുകാര്‍ നേരിടുന്ന പ്രശ്നങ്ങളെ ചൊല്ലി ആയിരുന്നു ഇന്ന് നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം അരങ്ങേറിയത്. ഉറക്കവും ആഹാരവും സമയത്ത് കിട്ടാത്ത നരകജീവിതമാണ് പൊലീസിനെന്ന് പ്രതിപക്ഷം വ്യക്തമാക്കി. എന്നാല്‍ പോലീസുകാര്‍ക്കിടയില്‍ കൂടിവരുന്ന ആത്മഹത്യകള്‍ക്ക് പിന്നില്‍ കുടുംബപ്രശ്‌നങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളുമാണെന്ന് ആണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

    ‘സേനാംഗങ്ങള്‍ക്കിടയിലെ ആത്മഹത്യക്കുള്ള കാരണങ്ങളില്‍ കൂടുതലും കുടുംബപ്രശ്നങ്ങളും സാമ്ബത്തികപ്രശ്നങ്ങളും പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും കൂടാതെ ഇതില്‍നിന്നും ഉരുത്തിരിയുന്ന മാനസിക സംഘര്‍ഷങ്ങളുമാണെന്നാണ് പൊതുവെ കണ്ടിട്ടുള്ളത്. എന്നാല്‍, ഔദ്യോഗിക ജീവിതത്തിലെ പ്രശ്നങ്ങളും ആത്മഹത്യകള്‍ക്ക് വഴിവെച്ചിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ഇത്തരത്തില്‍ കാണുന്ന ആത്മഹത്യാപ്രവണതകള്‍ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ എല്ലാ ഘട്ടത്തിലും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്,’ എന്ന് അദ്ദേഹം പറഞ്ഞു.

    പരശുവയ്ക്കല്‍ സ്വദേശിയും സിവില്‍ പോലീസ് ഓഫീസറുമായ മദനകുമാറിനെ ക്വാര്‍ട്ടേഴ്സില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇദ്ദേഹത്തിന് കുടുംബ പ്രശ്നങ്ങളുളളതായും കുറച്ചു നാളുകളായി കുടുംബവുമായി അകന്നു കഴിയുകയായിരുന്നുവെന്നും ഒപ്പം ജോലിയില്‍ നിന്നും വിട്ടുനിന്നിരുന്നതായും അറിവായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

    അവധിപോലുമില്ലാതെയാണ് കീഴുദ്യോഗസ്ഥര്‍ തൊഴിലെടുക്കേണ്ടി വരുന്നതെന്ന പ്രശ്‌നത്തെ സര്‍ക്കാര്‍ അഭിസംബോധന ചെയ്തിട്ടുള്ളതായി മുഖ്യമന്ത്രി സൂചിപ്പിച്ചു. അര്‍ഹമായ ലീവുകള്‍ നല്‍കുന്നതിനും, ആഴ്ചയില്‍ ഒരുദിവസം നിര്‍ബന്ധമായും അവധി നല്‍കുന്നതിനും സംസ്ഥാന പോലീസ് മേധാവി പ്രത്യേക സര്‍ക്കുലര്‍ മുഖാന്തിരം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ സ്റ്റേഷനുകളില്‍ തുറന്ന ആശയവിനിമയത്തിനായും വിവിധ കാരണങ്ങളാലുളള മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനും മുതിര്‍ന്ന പോലീസുദ്യോഗസ്ഥരെ ഉപയോഗിച്ച് മെന്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

    സേനാംഗങ്ങളുടെ പരിശീലന കാലയളവില്‍ തന്നെ സാമ്പത്തിക അച്ചടക്കം സംബന്ധിച്ചും, ആയോധന കലകളിലുളള പരിശീലനവും വഴി മനോബലം വര്‍ദ്ധിപ്പിക്കുന്ന നടപടികളും മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് പ്രത്യേക പരിശീലന പരിപാടികള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

    പോലീസ് സേനയില്‍ 8 മണിക്കൂര്‍ ജോലി എന്നത് അത്രവേഗത്തില്‍ നടപ്പിലാക്കാന്‍ കഴിയുന്ന ഒന്നല്ലെങ്കിലും പതിയെ ഇത് നടപ്പാക്കിയെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരക്കേറിയ പ്രധാനപ്പെട്ട 52 സ്റ്റേഷനുകളില്‍ ഇതിനകം ഇത് നടപ്പിലാക്കിയിട്ടുണ്ട്. കൂടുതല്‍ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. മദ്യപാന ശീലമുളളവരെ ലഹരിമുക്തരാക്കുന്നതിന് പ്രത്യേകം കര്‍മ്മപദ്ധതികള്‍ ഡി-അഡിക്ഷന്‍ സെന്ററുകളെയും സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളെയും സഹകരിപ്പിച്ച് നടത്തിവരുന്നു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലം മുതല്‍ ഈ വര്‍ഷം (മാര്‍ച്ച് 31) വരെ പോലീസില്‍ 5,670 പുതിയ തസ്തികകള്‍ സൃഷ്ടിച്ച് ജോലിഭാരം കുറച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad